Monday, May 25, 2015

ചേകന്നൂർ ചിന്തകൾ നിലനിൽക്കേണ്ടതുണ്ട് .



ചേകന്നൂർ മൗലവിയുടെ ചിന്തകൾ സമൂഹത്തിൽ സജീവമാക്കി മൌലവിയുടെ കൊലയാളികളായ  പൗരോഹിത്യ മത തീവ്രവാദത്തോട്  നമുക്ക് പ്രതികാരം ചെയ്യേണ്ടതായിട്ടുണ്ട് .

ഇസ്ലാമിന്റെ സോഫ്റ്റും ഹാർഡും ഹാർഡ്കോറുമായ പല പതിപ്പുകൾ നമുക്കിടയിൽ ഇന്ന് സുലഭമാണ് . ഇവയിലൊന്നിൽ പോലും   ആഴത്തിലുള്ള ഒരു ഫിലോസഫിക്കൽ ചിന്ത  കാണാൻ കഴിയുന്നില്ല എന്നതാണ് ഇവകൾ തമ്മിലുള്ള സാമ്യം  - എല്ലാ ചിന്തകളും ഫ്ലാറ്റും ഉപരിതലസ്പർശിയുമാണ് .


അമൂർത്തമാണ് ദൈവം എന്ന നിരുപദ്രവകരമായ പൊതു തത്വത്തെ ഫ്ലാറ്റ് ചിന്തകൾ കൊണ്ട് മതവൽക്കരിക്കുമ്പോൾ ഇസ്ലാമിൽ സംഭവിക്കുന്നത് വിരോധാഭാസങ്ങളാണ് ,  അമൂർത്ത ദൈവ  സങ്കൽപ്പത്തെ എളുപ്പത്തിൽ " ബിംബാരാധന വിരുദ്ധമെന്ന് " മാത്രം വിശദീകരിക്കപ്പെടുകയും - സിമ്പോളിക്ക് ആയ അനേകം ആരാധനകൾ ഇസ്ലാമിൽ നിനിലനിർത്തുകയും  ചെയ്യുന്നു എന്നതാണ് പ്രധാനപ്പെട്ട   വിരോധാഭാസം .

തലയും ഉടലും മെയ്യും കാലും  ഒക്കെയുള്ള ബിംബങ്ങൾ മാത്രമാണ് ആരാധനയ്ക്ക് അർഹരല്ലാത്തത് എന്ന് വിശ്വസിക്കുന്നവർക്ക്   - സൂര്യനും ചന്ദ്രനും കിഴക്കും പടിഞ്ഞാറും കൊല്ലാകൊല്ലമുള്ള ഓർമ  പുതുക്കലുകളും വസ്ത്ര ധാരണ രീതികളും കല്ലേറും സ്വർഗ്ഗത്തിലെ കല്ലിനെ മുത്തലും മൃഗ ബലിയും തീർഥാടനങ്ങളും  ആരാധാനാലയങ്ങളും ചില ദിവസങ്ങൾക്കുള്ള പ്രത്യേകതകളും വ്യക്തി ചെയ്തികൾപിന്തുടരലും ഒക്കെ ബിംബങ്ങൾ തന്നെയാണെന്ന് മനസ്സിലാക്കാൻ കഴിയാതെ പോകുന്നു   .

ഇവിടെയാണ് മൗലവി ചേകന്നൂർ മുന്നോട്ട് വയ്ക്കുന്ന ഇസ്ലാമിന്റെ പ്രസക്തി - പള്ളികൾ പോലും ആവശ്യമില്ലാത്ത സ്വന്തം മനസ്സിൽ നടക്കേണ്ട ഒരു പരിഷ്കരണവും അതിലൂടെ സാദ്ധ്യമാകുന്ന സാമൂഹ്യ പരിഷ്കരണവും  മാത്രമാണ് ഇസ്ലാം എന്നതുകൊണ്ട് ഉദ്യേശിക്കുന്നത് എന്ന് ഖുറാനിൽ നിന്ന് തന്നെ അദ്ദേഹം സമർഥിക്കുമ്പോൾ ആ ചിന്ത മറ്റുപല ഉന്നത തത്വ ചിന്തകളോടും കിടപിടിക്കുന്നതാണ് എന്നതിൽ
തർക്കമില്ല .എന്ന് മാത്രമല്ല അത്തരം ഒരു ചിന്തയിൽ മാത്രമാണ് സകല തരത്തിലുള്ള ബിംബങ്ങളും അപ്രത്യക്ഷമാകുന്നത് -അത് അമൂർത്തമായ ദൈവ സങ്കൽപ്പത്തോട് നീതി പുലർത്തുന്ന ഒരു ചിന്ത കൂടിയാണ് എന്നതുകൊണ്ട്‌, ഈ ഇസ്ലാമിക് ചിന്തയെ ഇന്നത്തെ  ലോകത്തെ  മറ്റ് മത ചിന്തകളോട് സാങ്കേതീകമായി ചേർത്തുവയ്ക്കുന്നതിൽ അപാകതയില്ല  -ഇത്തരമൊരു  ആഴങ്ങളെ സ്പർശിക്കുന്ന ചിന്തയിൽ
ഒരിക്കലും നാം ഇന്ന് കാണുന്ന തരത്തിലുള്ള ഇസ്ലാം ദംഷ്ട്രകൾ ഉണ്ടാകൽ സാധ്യമല്ല ,( മത ചിന്തകൾ ആകമാനം പുന:പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ് എന്ന നാസ്തീക ചിന്ത നാമിവിടെ തൽക്കാലം മാറ്റിവയ്ക്കുന്നു ) .


അപ്പോൾ ,നാസ്ഥികരേയും ഖുറാൻ വിമർശകരേയും ഒരു പോലെ കുഴയ്ക്കുന്നു  ഈ ചോദ്യം  .

നമുക്ക് പരിചയമുള്ള  ഖുറാനിൽ അത്രയേറെ മഹത്തരമായ ചിന്തകൾ ഉണ്ടാകാനുള്ള സാധ്യതകൾ ഇല്ല എന്ന് തന്നെയാണ് വിമർശകരായവരുടെ  വിശ്വാസവും അറിവും  - അങ്ങനെയെങ്കിൽ  അതേ ഖുറാനിൽ നിന്നും മൗലവിക്ക് മാത്രം  എവിടെനിന്ന് കിട്ടുന്നു ഇത്തരമൊരു താത്വീക ചിന്ത  ?

വ്യക്തി സ്വാതന്ത്ര്യത്തെ കൂച്ചു വിലങ്ങിടുന്ന ആരാധനാ കർമ്മങ്ങൾ ഇല്ലാത്ത - ഗോത്രീയ കാലത്തേക്ക് മനുഷ്യനെ വലിച്ചു കൊണ്ടുപോകുന്ന മത നിയമങ്ങൾ ഇല്ലാത്ത - മാനവരാശിയുടെ മുന്നോട്ടുള്ള ചലനത്തെ തുരങ്കം വയ്ക്കുന്ന യാതൊന്നുമില്ലാത്ത - ചേലാകർമ്മമെന്ന ബാല പീഡനമില്ലാത്ത - റംസാനെന്ന പട്ടിണി കിടക്കൽ ഇല്ലാത്ത - ജിഹാദെന്ന തീവ്രവാദമില്ലാത്ത - ഇസ്ലാമിക് സ്റ്റേറ്റെന്ന
പൈശാചീകതയില്ലാത്ത - കോടികളുടെ പള്ളികളോ - മതത്തിന്റെ പേരിൽ  കമ്പനി നടത്തിപ്പോ - ഇസ്ലാം എന്ന ഒരു മതം പോലുമോ   അപ്രത്യക്ഷമാകുന്ന  ഒരിസ്ലാം ... മൗലവിക്ക് അതെവിടെ നിന്ന് ലഭിക്കുന്നു ? ഇത്തരമൊരു ഇസ്ലാമിനെ മൗലവി പരിചയപ്പെടുത്താൻ ശ്രമിച്ചു എങ്കിൽ ആ ചിന്തയെ മുളയിലേ നുള്ളിക്കളഞ്ഞത് വലിയൊരു ഭീകരതയല്ലേ - പറഞ്ഞ് മുഴുമിപ്പിക്കാൻ അദ്ദേഹത്തെ അനുവദിക്കാതിരുന്നത് ജനാധിപത്യമര്യാദകളുടെ ലംഘനമായിരുന്നില്ലേ ? അതെ .


ഈ ചോദ്യത്തിന്റെ ഉത്തരം പരിശോധിക്കാം ,

മുഹമ്മദ് നബിയെ ഒരു സാമൂഹ്യ പരിഷ്കർത്താവ്  എന്ന നിലയിൽ പരിചയപ്പെടുത്തുന്നതിൽ
പൗരൊഹിത്യ ഇസ്ലാം വലിയ വീഴ്ച വരുത്തിയെന്നും , അദ്ദേഹത്തെ ദൈവത്തിന്റെ പ്രതി പുരുഷനായി അവതരിപ്പിക്കുകയും ,അദ്ദേഹം ജീവിച്ച കാലഘട്ടത്തിൽ നിലനിന്നുരുന്ന \ അദ്ദേഹം പങ്കാളിയായ പ്രവർത്തികളെ ലോകാവസാനം വരെ നിനിൽക്കേണ്ട ഒന്നായി കരുതുക എന്ന മണ്ടത്തരം  വിശ്വാസികളിൽ അടിച്ചേൽപ്പിക്കുകയും ചെയ്തു എന്ന് മൗലവി ഉന്നയിക്കുന്ന വിമർശനത്തെ നാസ്ഥികനായ   ഈ ലേഖകൻ  പിന്താങ്ങുന്നു -  

ഗോത്രങ്ങളായി തിരിഞ്ഞ്  യുദ്ധങ്ങൾ നടത്തുകയും ശത്രുക്കളെ നിഗ്രഹിക്കുകയും ചെയ്യുന്ന ഒരു സാമൂഹ്യ അന്തരീക്ഷം ലോകമാകെ ഒരു കാലത്ത് നിലനിന്നിരുന്നു എന്നത് നിസ്തർക്കമാണ് - അത് തന്നെ അറേബ്യയിലും സംഭവിച്ചു ,   അക്കാലത്തെ  ശിക്ഷാ  രീതികളും പല  വിശ്വാസങ്ങളും ഇന്നത്തെ കാലഘട്ടവുമായി  തട്ടിച്ചു നോക്കുമ്പോൾ തീർച്ചയായും പലതും ഇന്നത്തെ മാനവീക സങ്കൽപ്പങ്ങൾക്ക്‌
അംഗീകരിക്കാൻ കഴിയാത്തതാണ് -   അത്തരം ഗോത്രകാല നിയമങ്ങളും അന്നത്തെ നീതി സങ്കൽപ്പങ്ങളും ഈ മാറിയ കാലഘട്ടത്തിലും അങ്ങനെ തന്നെ നിലനിർത്തണം എന്ന്  പറയുന്നിടത്താണ് നമ്മൾ മതവുമായി വിയോജിക്കുന്നത് - അത്തരം ചിന്തയിലാണ് അപകടം കുടികൊള്ളുന്നതെന്ന് നമുക്കേവർക്കും  അറിയാവുന്നതുമാണ് .


മുഹമ്മദ്‌ നബിയെ കുറിച്ച് ഇടയ്ക്കെപ്പോഴെങ്കിലുമൊക്കെ കേൾക്കാറുള്ള ഒരു മാതൃകാപരമായ കാര്യമാണ് "അന്ധകാരത്തിലായിരുന്ന അറേബ്യയെ നവോഥാനത്തിന്റെ പാതയിലേക്ക് നയിച്ച വ്യക്തിയാണ് മുഹമ്മദ് നബി"  എന്ന വാചകം  . പക്ഷെ എല്ലായിപ്പോഴും പൗരൊഹിത്യ ഇസ്ലാമിന്റെ ഗ്വാ ഗ്വാ വിളികളിൽ ഈ വാചകം മുങ്ങിപ്പോകാറുണ്ട്  എന്നതുകൊണ്ട്‌ ഖുറാൻ വിമർശകരും നാസ്ഥികരും ഈ വാചകം കൂടുതൽ ശ്രദ്ധിക്കാറില്ല -എന്ന് കരുതി അത്തരമൊരു മുഖം മുഹമ്മദ് നബിക്കുണ്ടെങ്കിൽ \ അതായിരുന്നു മുഹമ്മദ്‌ നബി എങ്കിൽ തീർച്ചയായും നാമത് അന്വേഷിക്കെണ്ടതല്ലേ .




മൗലവി വായിക്കുന്ന ഖുറാനും  പ്രതി സ്ഥാനത്ത് നിൽക്കുന്ന മുഘ്യധാരാ പൗരോഹിത്യ  ഇസ്ലാമിന്റെ ഖുറാനും   ഒന്ന് തന്നെ - അപ്പൊ മൗലവിക്ക് മാത്രം  എവിടെനിന്ന് കിട്ടുന്നു ഇത്തരമൊരു താത്വീക ചിന്ത  എന്ന മുഖ്യമായ നമ്മുടെ ചോദ്യത്തിലേക്ക് വരാം - മൗലവി പറയുന്നത് ഒന്നാം അദ്ധ്യായം മുതൽ അവസാന അദ്ധ്യായം വരെയുള്ള സകല അദ്ധ്യായങ്ങളും തെറ്റായ രീതിയിലാണ് പഠിപ്പിക്കപ്പെട്ട്  പോരുന്നത് എന്നാണ് - ഇതെങ്ങനെ സാദ്ധ്യമാകും എന്ന് സാമാന്യ ബുദ്ധിയുള്ള ആരും ചിന്തിക്കുന്ന കാര്യമാണ് .ഇപ്പറഞ്ഞതിനെ  ശരിവയ്ക്കുന്ന ഒന്നാണ് അവർ പിന്തുടരുന്ന ഹദീസ് രീതി - അതായത് ഒരു ബുക്ക് മനസ്സിലാക്കണമെങ്കിൽ മറ്റൊരു ബുക്ക് വേണമെന്നും   ഇനിയും കൂടുതൽ മനസ്സിലാക്കണമെങ്കിൽ മറ്റ് ബുക്കുകൾ കൂടി വേണമെന്നുമുള്ള രീതി സാമാന്യ ബുദ്ധിക്ക് നിരക്കാത്തതും മൗലവി മേൽപറഞ്ഞകാര്യം ശരിവയ്ക്കുന്നതുമായ ഒന്നാണ് എന്ന് കരുതാൻ കഴിയുന്നതാണ്  .


എന്തായിരിക്കാം സംഭവിക്കുന്നത്‌


മൗലവി വായിക്കുമ്പോഴും മറ്റുള്ളവർ വായിക്കുമ്പോഴും ലഭിക്കുന്നത് ഒരേ അർഥം തന്നെയാണ് -അബൂലഹബിന്റെ കൈകൾ നശിക്കട്ടെ\ നശിച്ചിരിക്കുന്നു  എന്ന ഖുറാൻ വചനത്തിന്റെ  അക്ഷരാർഥം അത് തന്നെയാണ് എങ്കിലും  - അതിനെ അബൂലഹബിന്റെ കൈകൾ തല്ലി ഒടിച്ച് നശിപ്പിക്കുക എന്ന അർഥം ലഭിക്കണമെങ്കിൽ അതിന് ഹദീസുകളുടെ ആവശ്യം വേണ്ടി വരും - മറിച്ച് ആ വാചകത്തിന്റെ അർഥം അബൂലഹബിന്റെ സമൂഹത്തിലുള്ള സ്വാധീനം ഇല്ലാതാകട്ടെ \ നശിക്കട്ടെ എന്നാണ് എന്ന് മൗലവി പറയുമ്പോൾ അത് യുക്തി ഭദ്രമാണ് - ദൈവം ഒരാളുടെ കൈകൾ തല്ലിയൊടിക്കാൻ ശാപവചനങ്ങൾ ഉരുവിടുകയോ എന്ന ചോദ്യങ്ങൾ അവിടെ ഒഴിവാകുന്നു . ആള് കേരളത്തിലാണെങ്കിലും ഡെൽഹീല് നല്ല പിടിയാണ് എന്ന് നമ്മൾ ഇന്ന് പറഞ്ഞാൽ അതിന്റെ അർഥം നമുക്കേവർക്കും വ്യക്തമാണ് - പക്ഷെ ഡൽഹിവരെ നീളുന്ന കയ്യുള്ള ഒരു അമാനുഷീകനെ യാണ്നാം ആ വചനം കൊണ്ട് സൃഷ്ടിക്കാൻ ശ്രമിക്കുന്നത്    എങ്കിൽ തീർച്ചയായും ആ വാചകങ്ങൾക്ക് ഹദീസുകൾ എന്ന വ്യാഖ്യാന പുസ്തകങ്ങൾ ഉണ്ടാക്കേണ്ടി വരും .മൗലവി പറയുന്ന തരത്തിലുള്ള ഒരട്ടിമറി നടക്കാൻ സാധ്യതയുള്ള ഒന്നാണ്  എന്ന് മനസ്സിലാക്കാൻ കുറച്ചൊക്കെ ഇതിൽനിന്നും നമുക്ക് കഴിയുന്നു - വാക്കുകളെ കേവലമായ അക്ഷരാർഥങ്ങൾ കൊണ്ട് വിശദീകരിക്കുമ്പോൾ അവിടെ ഇല്ലാതാകുന്നത് ഖുറാൻ കാവ്യാത്മകമാണ് എന്ന് അവർ പോലും ഇടയ്ക്ക് പറയാറുള്ള ഖുറാനിന്റെ മേന്മയാണ് എന്നവർക്ക് തിരിച്ചറിയാൻ കഴിയുന്നില്ല .

മൌലവിയുടെ ഇത്തരം വിശദീകരണങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടതും പഠിക്കേണ്ടതും വിമർശനങ്ങൾ യഥാർത്ഥ അർഥങ്ങളെ ആയിരിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു  - പക്ഷെ കളം നിറഞ്ഞാടുന്നത് വ്യാജന്മാർ ആകയാൽ വിമർശനങ്ങളും വ്യാജന്മാരെ മാത്രമായിപ്പോകുന്നു എന്നതാണ് ഇന്നത്തെ സ്ഥിതി.  .


അപ്പൊ കാവ്യാത്മകമായ താത്വീകമായ മൗലവി പറയുന്ന ഈ ഖുറാൻ ആരെഴുതി ? ഇവിടെ ഞാൻ മൌലവിയെ മാറ്റി നിർത്തുകയും ഇന്ന് ജീവിക്കുന്ന ഒരു സ്വതന്ത്രനായ വ്യക്തി എന്ന നിലയിലുള്ള എന്റെ മാത്രം ചില കാഴ്ച പ്പാടുകളുമാണ് ഇതിനുത്തരമായി നൽകാൻ ഉദ്യേശിക്കുന്നത്  -

യേശു ക്രിസ്തു ബൈബിൾ കണ്ടിട്ട് പോലുമില്ല എന്ന് പറയുന്നപോലെ മുഹമ്മദ് നബിയും- ഇന്നത്തെ ഖുറാൻ മുഹമ്മദ്‌ കണ്ടിട്ടില്ല - അദ്ദേഹത്തിന്റെ മരണശേഷം അദ്ധേഹത്തിന്റെ പേരിൽ എഴുതി ഉണ്ടാക്കപ്പെട്ട ഒന്നാണ് ഖുറാൻ എന്നതിൽ ആർക്കും തർക്കമില്ല , അപ്പൊ വളരെ ലളിതമായി തന്നെ ഈ ചോദ്യത്തിന് ഉത്തരം ലഭിച്ച് കഴിഞ്ഞു -ഇന്നത്തെ ഖുറാൻ എഴുതി ഉണ്ടാക്കിയത് അബൂബക്കർ ഉമർ ഉസ്മാൻ തുടങ്ങിയവരുടെ ഭരണ കാലത്താണ് അത് ചെയ്തത് അവരാണ് എന്ന് . അവർക്കത് ലഭിച്ചതാകട്ടെ മുഹമ്മദ്‌ നബിയുടെ ജീവിതകാലത്ത് അദ്ദേഹം പറഞ്ഞ കാര്യങ്ങൾ മന:പാഠമാക്കിയ വ്യക്തികളിൽ നിന്ന്  ശേഘരിച്ച് ക്രോഡീകരിച്ചതും .


സാമൂഹ്യ പരിഷ്കർത്താക്കളായിരുന്ന മഹാത്മാ ഗാന്ധിയുടെ പേരിൽ മതമുണ്ടോ ,രാജാറാം മോഹൻ റായിയുടെ പേരിൽ മതമുണ്ടോ ?  ഇതൊന്നും ഇല്ലാത്തത് പോലെ മുഹമ്മദ് നബിയുടെ പേരിലും ഒരു മതം ഉണ്ടാകണമെന്ന് അദ്ദേഹം പോലും കരുതിയിരുന്നില്ല എന്നതാണ് പിന്നീട് വന്നവർ എഴുതിയതാണ് ഈ ഖുറാൻ എന്നതിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് എന്നും കൂടി നമുക്ക് അനുമാനിക്കാം - ഒരു പക്ഷെ അവർ എന്തെങ്കിലും നന്മ ഉദ്യേശിച്ച്  ചെയ്തതായിരിക്കാം അത് - ഖുറാൻ എഴുതിയതിനും നൂറിൽപരം  വർഷങ്ങൾക്ക് ശേഷമാണ് ഹദീസുകൾ എഴുതപ്പെടുന്നത് എന്നത് ആ ഖുറാനെ മറ്റൊരു രീതിയിൽ അവതരിപ്പിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെട്ട ആരുടെയെങ്കിലും കരവിരുതായിരിക്കാം ഖുറാന്റെ ഇന്നത്തെ രൂപത്തിലുള്ള വ്യാഖ്യാനങ്ങൾക്ക് കാരണം   എന്ന്  മൗലവി പറയുന്നതിൽ സത്യത്തിന്റെ അംശം തീർച്ചയായും ഉണ്ടെന്ന്  കാണാൻ കഴിയും .

പുരാതന മലയാളത്തിലെഴുതിയ കാവ്യങ്ങളും മറ്റ് എഴുത്തുകൾ പോലും നമുക്ക് മനസ്സിലാക്കാൻ ഇന്ന്  കഴിയില്ല - അവയെല്ലാം ഭാഷയുടെ പരിണാമ ദശയിൽ നമ്മളിൽ നിന്നും അകന്നു പോയി - അതുപോലൊരു ഭാഷാ പരിണാമ വിസ്മൃതി ഖുറാൻ ഭാഷയ്ക്ക് എന്തുകൊണ്ട് സംഭവിച്ചു കൂടാ - അത്തരമൊരു വിസ്മൃതിതിയിലാകലാണ് സ്വാഭാവീകവും എന്നിരിക്കെ   -  അത് സംഭവിക്കാതിരിക്കാൻ വേണ്ടിയുള്ള കസർത്തുകളല്ലേ ഈ ഹദീസുകളിലൂടെയും ഫത്വ കളിലൂടെയും നടക്കുന്നത് എന്ന് ചിന്തിച്ചാൽ , ഭാഷാ പരിണാമത്തിൽ അപ്രസക്തമാകേണ്ടിയിരുന്ന ഒന്നിനെ വികലമായ രീതിയിൽ നിലനിർത്താൻ ശ്രമിക്കുന്നു എന്ന വാദം ശരിയായിരിക്കാനേ സാാധ്യതയുള്ളൂ  എന്ന് കാണാൻ കഴിയും .

മതങ്ങളുടെ  മൂല ഗ്രന്ഥങ്ങൾ ഒന്നും തന്നെ മനസ്സിലാക്കാൻ ഇന്ന് ജീവിച്ചിരിക്കുന്ന ആർക്കും കഴിയില്ല -എല്ലാവരും ആശ്രയിക്കുന്നത് പരിഭാഷകളെയാണ് അല്ലെങ്കിൽ വിശദീകരണങ്ങളെയാണ് ഖുറാന്റെ ആ പുരാതന ഭാഷ പഠിച്ച മൗലവി അതിന്റെ യഥാർത്ഥ അർഥം മനസ്സിലാക്കി തരുമ്പോൾ മേൽ പറഞ്ഞ ഭാഷാ പരിണാമ പ്രതിസന്ധി എൽക്കാത്ത തരത്തിൽ രൂപകൽപ്പന ചെയ്ത സപ്പോർട്ടിംഗ് ബുക്കുകളുടെ പ്രസക്തി അപ്രത്യക്ഷമാകുകയും അമൂർത്തമായ ഒരു ചൈതന്യം ഉയർന്ന് വരികയും ചെയ്യുന്നു .അതാണ്‌ മൗലവിയുടെ  കൊലയിലൂടെ ഇല്ലാതാക്കപ്പെട്ടത്‌ .


ഇനി മറ്റൊരു ചോദ്യത്തിലേക്ക്

ഖുറാൻ എഴുതി സൂക്ഷിക്കുകയോ ആചരിക്കുകയോ മതമാക്കുകയോ ചെയ്യേണ്ട ഒന്നായിരുന്നില്ല എന്നാണ് മൗലവി പറയുന്നതിന്റെ മറ്റൊരു അർഥമെങ്കിൽ എന്തിന് മൗലവി ഖുറാൻ  അംഗീകരിക്കുന്നു ? വിശദീകരിക്കുന്നു ? മുസ്ലീമാണെന്ന് അവകാശപ്പെടുന്നു ?

ഉത്തരം ലളിതമാണ് -
എന്തായാലും ഇത് എഴുതപ്പെട്ടു -അതുകൊണ്ടാണല്ലോ ഈ ചോദ്യം ഉണ്ടാകുന്നത് തന്നെ , അത് പഠിക്കാൻ അദ്ദേഹത്തിന്റെ ഭൌതീക സാഹചര്യങ്ങൾ വഴിയൊരുക്കി - അപ്പോൾ അദേഹത്തിൽ ഉണ്ടായ സംശയങ്ങൾക്ക് ഉത്തരം അന്വേഷിക്കുകയും - നിലവിലുള്ള സംശയ നിവാരണികൾ പര്യാപ്തമല്ല എന്ന് മനസ്സിലാകുകയും ചെയ്തതിൽ നിന്ന്  - അദ്ദേഹം  കൂടുതൽ ആഴത്തിൽ നടത്തിയ ഗവേഷണങ്ങളുടെ ഭലമാണ് അദ്ദേഹത്തിന്റെ വിശദീകരണങ്ങൾ എന്ന് കരുതിയാൽ അത് തികച്ചും സ്വാഭാവീകമല്ലെ  .

ഇന്ന് കാണുന്ന രീതിയിലുള്ള മുസ്ലീം എന്ന ഒരവസ്ഥയില്ല എന്നും ഇസ്ലാം എന്ന മതം ആ അർഥത്തിൽ നിലനിൽക്കാൻ ഖുറാനീകമായി സാധ്യതകൾ  ഇല്ല എന്നും, നന്മചെയ്യുന്ന ഏതൊരു മനുഷ്യനും തിരിച്ച് ഇവിടെത്തന്നെ നന്മയുണ്ടാകുമെന്നും ലളിതമായി അദ്ദേഹം പറയുമ്പോൾ അത് സാമാന്യ ബുദ്ധിക്ക് നിരക്കുന്ന ഒന്നായത് കൊണ്ട് അതിന് നാസ്ഥികരുടെ ഇടയിൽ  പോലും അംഗീകാരം
ലഭിക്കുന്നു .മറ്റുള്ളവർക്ക് ഉപദ്രവം ചെയ്യാതെ കഴിയുന്നതും എന്തെങ്കിലും ഉപകാരങ്ങൾ ചെയ്ത് അതാത് ദിവസങ്ങൾ ജീവിക്കുക എന്നതല്ലാത്ത മറ്റൊന്നും ഇല്ല എന്ന നാസ്ഥീക  ചിന്തയിലേക്ക് വരേണ്ടിയിരുന്ന മൌലവിയെ  കൊന്നതിലൂടെ- അതിന്റെ സാദ്ധ്യതകൾ നഷ്ട്ടപ്പെടുകയും പാതി വഴിയിൽ ഞാനൊരു  മുസ്ലീം ആണ് എന്ന് മൗലവി പറഞ്ഞത് അവിടെത്തന്നെ  നിൽക്കുകയും ചെയ്യുന്നു  - അതു കൊണ്ടാണ് നാം ചേകന്നൂർ മൌലവിയെ ഇന്നുംമുസ്ലീം വിഭാഗത്തിൽ പെടുത്തുന്നത് - അല്ലെങ്കിൽ അദ്ദേഹം നാസ്ഥീകതയിലേക്ക് എത്തിച്ചേരേണ്ടിയിരുന്ന ഒരു വ്യക്തിയായിരുന്നു എന്ന് കൂടി ഞാൻ നിരീക്ഷിക്കുന്നു .

നാമിന്ന് കാണുന്ന മത ഭീകരതകളും വ്യക്തി ജീവിതത്തിൽ കടന്ന് കയറുന്ന ആരാധനാമുറകളും  ഇല്ലാത്ത  - നിരീശ്വരവാദത്തെ  പോലും ഉൾക്കൊള്ളാനുള്ള ആഴത്തിൽ  തത്വ ചിന്തയാൽ സമ്പുഷ്ടമായ ഒരിസ്ലാം ചേകന്നൂർ മൗലവി വിഭാവനം ചെയ്തു എങ്കിൽ - ആ ഒരു ചിന്ത നിലനിൽക്കേണ്ടത് ഇന്നത്തെ സമൂഹത്തിൽ ഒരാവശ്യമല്ലേ, അത്തരമൊരു മഹത്തായ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ ഒരു മുതൽക്കൂട്ടാകട്ടെ ഖുറാൻ സുന്നത്ത് സൊസൈറ്റിയുടെ "നോമ്പിന്റെ യാഥാർത്ഥ്യം" എന്ന ഈ പുസ്തകം എന്നാശംസിക്കുന്നു . 

Monday, February 10, 2014

മെട്രോ

മെട്രോക്ക് ആവശ്യമുള്ള അയ്യായിരത്തിൽ പരം കോടിയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിഹിതം കഴിച്ച് ബാക്കിയുള്ള ഏകദേശം മൂവായിരം കോടി രൂപയാണല്ലോ വായ്പ്പയായി എടുക്കേണ്ടി വരുന്നത് , അതിൽ ആയിരത്തി അഞ്ഞൂറ് കോടി രൂപ ഫ്രഞ്ച് സംഘത്തിൽ നിന്നും ലഭിക്കാനുള്ള ധാരണയും ആയ സാഹചര്യമാണല്ലോ ഇപ്പോൾ നിലവിൽ ഉള്ളത് __

പ്രിയ അധികാരികളെ , ഇന്ത്യക്കകത്തും പുറത്തും ജോലിയെടുക്കുന്ന ലക്ഷക്കണക്കിന്‌ മലയാളികളും കേരളത്തിനകത്ത്‌ പണിയെടുക്കുന്നവരും ചേർത്ത് നമുക്ക് നല്ലൊരു ആൾ ബലമുണ്ട് ,നമ്മുടെ ആകെ ജനസംഘ്യയായ മൂന്നര ക്കോടി ജനങ്ങളിലെ വെറും ഇരുപത്തി അഞ്ചു ലക്ഷം ആളുകളുടെ കയ്യിൽ നിന്നും ഇരുപതിനായിരം രൂപ വീതം പിരിച്ചാൽ അയ്യായിരം കോടി രൂപ എന്ന പദ്ധതിക്ക് ആവശ്യമായ മുഴുവൻ തുകയും വളരെ എളുപ്പത്തിൽ സ്വരൂപിക്കാം എന്നിരിക്കെ , നമ്മൾ എന്തിന് ഈ പണത്തിന് വേണ്ടി വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ പുറകെ നടക്കണം ,

ഇപ്പോൾ വാങ്ങാൻ പോകുന്ന ആയിരത്തി അഞ്ഞൂറ് കോടി രൂപ ഫ്രഞ്ച് വായ്പക്ക് ഇരുപത്തി അഞ്ചു വർഷത്തേക്ക് പലിശ ഇനത്തിൽ മാത്രം നൽകേണ്ടി വരുന്നത് ഏതാണ്ട് എഴുനൂറ്റി അൻപതോളം കോടി രൂപയാണ് - അതായത് ഒരു മാസം ഏതാണ്ട് രണ്ടര ക്കോടി രൂപ പലിശ മാത്രം _ ഈ പറഞ്ഞത് വെറും ആയിരത്തി അഞ്ഞൂറ് കോടിയുടെ കാര്യമാണ് - പദ്ധതിക്ക് ആവശ്യമുള്ള തുകയിലെ ഏകദേശം മൂവായിരം കോടി രൂപയാണല്ലോ വായ്പയായി എടുക്കേണ്ടി വരുന്നത് - അങ്ങനെ വരുമ്പോൾ മൊത്തം വായ്പാ തുകക്ക് ഇരുപത്തി അഞ്ചു കൊല്ലത്തേക്ക്‌ നൽകേണ്ടി വരുന്ന മൊത്തം പലിശ ഏകദേശം ആയിരത്തി അഞ്ഞൂറോളം കോടി രൂപയാണ് അതായത് ഏകദേശം അഞ്ച് കോടി രൂപ പലിശ മാത്രം ഒരു മാസം നമ്മൾ നൽകേണ്ടി വരും ,എത്ര ഭീമമായ സംഖ്യയാണിത്‌ . മാത്രമല്ല മുതൽ ഉൾപ്പടെ മൂവായിരം കോടി രൂപക്ക് ഇരുപത്തി അഞ്ചു കൊല്ലത്തേക്ക്‌ ഒരു മാസത്തെ അടവ് ഏകദേശം പതിനഞ്ച് കോടി രൂപയാണ് _ ശമ്പളവും മറ്റു നടത്തിപ്പ് ചെലവുകളും കഴിച്ച് ഒരു മാസം ഇത്രയും പണം തിരിച്ചടക്കാൻ കഴിയണമെങ്കിൽ "ഒരു ദിവസം" ചുരുങ്ങിയത് "അറുപത് "ലക്ഷം രൂപയുടെ കളക്ഷൻ ഉണ്ടാകണം ,അടവിൽ വീഴ്ച വരുത്തിയാലോ മറ്റു തടസ്സങ്ങൾ നേരിട്ടാലോ പണം ഇതിലും കൂടാം - അങ്ങനെ ഒരിക്കലും ലാഭത്തിൽ ഓടിക്കാൻ കഴിയാത്ത ഒരു തീരാ തലവേദനയായി ഈ പദ്ധതി മാറാതിരിക്കാൻ _ ജനിക്കാൻ പോകുന്ന കുട്ടികളിൽ വരെ ഈ പദ്ധതിയുടെ സാമ്പത്തീക ഭാരം ഏൽക്കേണ്ടി വരാതിരിക്കാൻ നമുക്ക് ഏറ്റവും അനുയോജ്യമായത് നമ്മുടെ ജനങ്ങളെ കണക്കിൽ എടുക്കുക എന്നതാണ് ,

മേൽപറഞ്ഞ രീതിയിൽ മലയാളികളുടെ കയ്യിൽ നിന്ന് ഷെയർ വാങ്ങിയാൽ പദ്ധതിക്ക് ആവശ്യമായ മുഴുവൻ തുകയും ഒരു മാസത്തിനുള്ളിൽ സർക്കാരിന് സ്വരൂപിക്കാൻ കഴിയും എന്ന് മാത്രമല്ല , ആ പണം ബാങ്കിൽ നിക്ഷേപിച്ച് ആവശ്യാനുസരണം
ഉപയോഗിച്ചാൽ ബാങ്കിൽ കിടക്കുന്ന ബാക്കിയുള്ള പണത്തിന് നമുക്ക് പലിശ ഇങ്ങോട്ട് ലഭിക്കുകയും ചെയ്യും _ പദ്ധതി പൂർത്തീകരിച്ച് മെട്രോ ഓടി ത്തുടങ്ങിയതിനു ശേഷം ഷെയർ എടുത്ത ആളുകൾക്ക് ഒരു ചെറിയ ലാഭ വിഹിതം നൽകിയാൽ മതിയാകും _ ഷെയർ ട്രേടും നടത്താം -എന്നിരിക്കെ വായ്പാ ഏജൻസിയുടെ കയ്യിൽ നിന്നും ഗടുക്കളായി പണം ലഭിക്കാൻ അവരുടെ കയ്യും കാലും പിടിച്ച് പുറകെ നടക്കേണ്ട ആവശ്യവും ഇല്ല . ഇത് മാത്രമല്ല കേരളത്തിലെ മുഴുവൻ ജനങ്ങളുടെ കയ്യിൽ നിന്നും ഷെയർ വാങ്ങിയാൽ ഒരു ലക്ഷം കോടി രൂപ പോലും പിരിക്കാൻ ഒരു മാസം മതിയാകും _ അത്ര വലിയ നമ്മുടെ മനുഷ്യ ശേഷിയെ ഈ മെട്രോ പ്രൊജക്റ്റിലെങ്കിലും ഉപയോഗപ്പെടുത്തണം സാർ _ ഒരാൾക്ക്‌ ഒരു ലക്ഷം രൂപയിൽ കൂടുതൽ ഉള്ള ഷെയറുകൾ വാങ്ങാൻ കഴിയാത്ത തരത്തിൽ നിയമം കൂടി കൊണ്ടുവന്നാൽ സ്വകാര്യ വൽക്കരണം എന്ന പഴി ഒഴിവാക്കി , ഈ പദ്ധതി വമ്പൻ മുതലാളിമാരുടെ കയ്യിൽ ഒതുങ്ങി പ്പോകാതെ താൽപര്യമുള്ള എല്ലാ കേരളീയര്ക്കും ഷെയർ എടുക്കാൻ കഴിയുന്ന തരത്തിൽ ഒരു സമ്പൂർണ്ണ ജനകീയ പദ്ധതി യാക്കി മാറ്റുവാൻ നിഷ്പ്രയാസം നമുക്ക് കഴിയും .

ഞങ്ങൾ കേരളീയർ തയ്യാറാണ് ഈ പദ്ധതിക്കുള്ള പണം മുഴുവനും നൽകാൻ ,പിന്നെ എന്തിനാണ് നമുക്ക് വിദേശ സ്വദേശ വായ്പകൾ ,അതിന് സർക്കാർ ചെയ്യേണ്ടത് സമൂഹത്തിലെ വിവിധ മേഘലകളിലെ ആളുകളിൽ നിന്നും പ്രതിനിധികളെ തെരഞ്ഞെടുത്ത് ഒരു കമ്പനി രൂപീകരിച്ച് ഈ പണം ഒരു രീതിയിലും ദുരുപയോഗ പ്പെടുത്തുകയില്ല എന്നും ഒരു തരത്തിലുള്ള അഴിമതിയും ഈ പണത്തിന്റെ കാര്യത്തിൽ ഉണ്ടാകില്ല എന്നും ഉറപ്പാക്കുന്ന തരത്തിലുള്ള നടപടികൾ ചെയ്യുക എന്നതാണ് _ ലഭിക്കാൻ പോകുന്ന ലാഭത്തെക്കാൾ ഉപരി ഒരു സാമൂഹ്യ പദ്ധതിയുടെ ഭാഗമാകുന്നു എന്ന അഭിമാനത്തോടെ ഈ പദ്ധതിയുമായി സഹകരിക്കാൻ കേരള ജനത തയ്യാറാണ് എങ്കിൽ സർക്കാർ ഇക്കാര്യത്തിൽ അനുകൂലമായ ഒരു നിലപാട് എടുക്കണം എന്ന് അപേക്ഷിക്കുന്നു .

Friday, January 31, 2014

നമ്മൾ ബംഗാളികളെ കണ്ട് പഠിക്കണം

ഇനിയും ഒരു കമ്മ്യൂണിസ്റ്റായിരിക്കാൻ നിങ്ങൾക്ക് കാരണങ്ങൾ ഉണ്ടോ ?

നമ്മൾ ബംഗാളികളെ കണ്ട് പഠിക്കണം __________ 

ഇത്ര ഭീകരമായ ഒരു വെളിപ്പെടുത്തൽ കേട്ടിട്ടും നടുങ്ങാതെ ഞങ്ങൾ 
കമ്മ്യൂണിസ്റ്റ്കളാണ് എന്ന് പിന്നെയും പറയുന്ന ഒരുപാട് ആളുകളുള്ള ഒരു നാട്ടിലാണ് നാം ജീവിക്കുന്നത് ,കേരളത്തിൽ .

മൂന്നു കൂട്ടരാണ് ഇപ്പോഴും അത്തരത്തിൽ പറയുന്നത് ,ഒന്ന് ഇതിൽ സത്യമുണ്ട് എന്നറിയാവുന്ന യഥാർത്ഥ കമ്മ്യൂണിസ്റ്റുകൾ - എന്നാൽ ഈ സംഘടന നല്കുന്ന അധികാരവും മറ്റിതര സുഘ സൌകര്യങ്ങങ്ങളും അനുഭവിക്കുന്ന ഇക്കൂട്ടർ എന്തിന് അതെല്ലാം ഇല്ലാതാക്കി ഈ സത്യത്തെ വെളിപ്പെടുത്തി സ്വയം കുഴിവെട്ടണം ,അതുകൊണ്ട് അവർ നിശബ്ദരാണ് ?

രണ്ട് ,എതിരാളികൾ പ്രചരിപ്പിക്കുന്ന ഇത്തരം ദുഷ് പ്രചാരണങ്ങൾക്ക് ചെവി കൊടുത്ത് ഞങ്ങൾ പൊന്നുപോലെ കൊണ്ട് നടക്കുന്ന ഒരു പാര്ട്ടിയെ എന്തിന് വെറുക്കണം എന്ന് കരുതുന്നവർ ,അതിലൂടെ എതിരാളികൾക്ക് ഒരു രാഷ്രീയ വിജയം എന്തിന് ഞങ്ങളായിട്ട് സമ്മാനിക്കണം എന്ന് ചിന്തിക്കുന്നവർ - അതെ അവർക്ക് അൽപ്പം ചിന്തിക്കാനുള്ള കഴിവുണ്ട് പക്ഷെ അവർ ഒരിക്കലും ഇതിന്റെ സത്യാവസ്ഥയെ കുറിച്ച് അന്വേഷിക്കുകയോ ചിന്തിക്കുകയോ ചെയ്യാൻ തരമില്ല കാരണം അവരുടെ തെറ്റി ധാരണകളെ മാറ്റേണ്ട ആവശ്യം അവർക്കുമില്ല . അവർക്ക് കമ്മ്യൂണിസം എന്നാൽ തൊഴിലാളി സ്നേഹവും മനുഷ്യ സ്നേഹവും സമത്വവും ഒക്കെ പറയുന്ന ഒരു സുന്ദര ദൈവ സങ്കൽപ്പമാണ് - ജന്മം കൊണ്ട് അവർക്ക് ലഭിച്ച നമ്മടെ മറ്റേ ദൈവത്തെ ചോദ്യം ചെയ്യാൻ അവർ ധൈര്യം കാണിക്കുമെങ്കിലും അവരുടെ പാർട്ടി എന്ന ദൈവത്തിനപ്പുറമുള്ള ആത്മീയ സുഘത്തെ കൈവിടാൻ അവർ തയ്യാറല്ല - താലോലിക്കാൻ അവർക്കും എന്തെങ്കിലും വേണമല്ലോ ,അതുകൊണ്ട് അവരിൽ നിന്നും ഒരു വിമത ശബ്ദം ഇക്കാര്യത്തിൽ ഉയരില്ല _ അറവക്കാരന്റെ ആടിനോടുള്ള പ്രേമം പോലെ മാത്രമേയുള്ളൂ കമ്മ്യൂണിസ്റ്റ്കളുടെ മനുഷ്യ സ്നേഹവും തൊഴിലാളി സ്നേഹവും എന്ന സത്യം കണ്മുന്നിൽ എത്ര നൃത്തം ചവുട്ടിയാലും കണ്ടില്ലന്നു നടിക്കാനും ആടിനെ പട്ടിയാക്കാനും വിദഗ്ദരും കൂടിയാണവർ .

ഇനി മൂന്നാമത്തേതും മൃഗീയ പൂരിപക്ഷവുമായ വിഭാഗം - കമ്മ്യൂണിസം
എന്നത് എന്താണ് എന്ന് പോലും അറിയില്ലാത്ത പാവങ്ങൾ ,അക്ഷരാഭ്യാസം പോലും ഇല്ലാത്ത ആ പാവങ്ങൾക്ക് ഈ സിദ്ധാന്തം എന്നത് കൂലിപ്പണിക്കാരായ ഞങ്ങളെ രക്ഷിക്കുന്ന പാർട്ടിയാണ് എന്ന തെറ്റി ധാരണ മാത്രമേ അവർക്കുള്ളൂ _ കൂലിപ്പണിക്കാരെ ഉദ്ധരിച്ച് അവർക്ക് വേണ്ട ഭൌതീക വിഭവങ്ങൾ എല്ലാം നൽകി അവരെ സമൂഹത്തിന്റെ മറ്റൊരു തട്ടിലേക്ക് കൈപിടിച്ച് ഉയർത്താനുള്ളതല്ല ഈ കമ്മ്യൂണിസമെന്നും മറിച്ച് എന്ത് വിലകൊടുത്തും അവരെ ആ ചെളിക്കുണ്ടിൽ തളച്ചിടാൻ പാടുപെടുന്ന മനുഷ്യത്വം മരവിച്ച ദുഷ്ടന്മാരാണ് കമ്മ്യൂണിസ്റ്റ്കളെന്നും മനസ്സിലാക്കാൻ ആ പാവങ്ങൾക്ക് കഴിയില്ല എന്ന് പ്രത്യേകിച്ച് പറയേണ്ട
കാര്യം ഇല്ലല്ലോ ,സംഭവം ശരിയല്ലേ കേരളത്തിൽ സർക്കാർ ഉധ്യൊഗസ്തരായ തൊഴിലാളികൾ അല്ലാതെ കാര്യമായ മറ്റൊരു തൊഴിലാളി വര്ഗ്ഗം ഇല്ലാതിരുന്നിട്ട് കൂടി ഇന്നും തൊഴിലാളി പാർട്ടി എന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകളുടെ ആ പറച്ചിലിൽ ഞങ്ങൾക്ക് രക്ഷിക്കാൻ അടിമകളെപ്പോലെ പണിയെടുക്കുന്ന ഒരു വർഗ്ഗം ഇല്ലതായല്ലൊ എന്ന പരിഭവം അല്ലാതെ മറ്റെന്താണ് ,അതോ ഇവരുടെ തന്നെ കേരളത്തിൽ പാത്രം കഴുകി ജീവിക്കുന്ന ബംഗാളിലെ സഘാക്കളെയാണോ ഇവർ ഇന്ന് കേരളത്തിൽ തൊഴിലാളികൾ എന്നതുകൊണ്ട് ഉധ്യെഷിക്കുന്നത് എന്നാണോ എന്നറിയില്ല ,

എന്തായാലും മേൽപറഞ്ഞ ഈ മൂന്നു കൂട്ടർക്കുമാണ് പ്രതിപാദ്യ വിഷയമായ എതിരാളികളെ ഉപ്പുചാക്കിൽ നിറച്ച് നിഗ്രഹിക്കുന്ന ബംഗാൾ രീതിയോട് ഭയമോ നടുക്കമോ ഒന്നും ഇല്ലാത്തത് എന്നാണു ആദ്യ പ്രതികരണങ്ങളിൽ നിന്നും മനസ്സിലാകുന്നത് .മൂന്നാം വിഭാഗമായ നിരക്ഷര കമ്മ്യൂണിസ്റ്റുകൾ പാവങ്ങൾക്ക് അലിയുന്ന ഒരു മനസ്സും ഇത് കേട്ട് ഭയപ്പെടുന്ന ഒരു ഹൃദയവും ഒക്കെയുണ്ട് എന്നത് ശരിയാണ് എങ്കിൽ കൂടി അവരെ ഇതെല്ലാം വെറും കെട്ട് കഥകളാണ് എന്ന് ധരിപ്പിക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ലാത്തതുകൊണ്ട് അവരുടെ അലിയുന്ന മനസ്സ് ചെങ്കോട്ടകൾക്കുള്ളിൽ തന്നെ ഭദ്രമാക്കി വക്കാൻ എളുപ്പമാണ് .

സി പി എമ്മിലെ ഉൾപാർട്ടി ജനാധിപത്യമാണല്ലോ ഇപ്പൊ ഇവർ ഉയർത്തിക്കാണിക്കുന്ന ഇവരുടെ മികവുകളിൽ ഒന്ന് , ഇരുമ്പഴികളിൽ തീർത്ത സ്വന്തം നേതൃത്വത്തിനെതിരെ ഒരക്ഷരം പോലും മിണ്ടാൻ ധൈര്യമില്ലാത്ത അടിമത്വത്തെ ആയിരിക്കും ഇവർ ഉൾപാർട്ടി ജനാധിപത്യം കൊണ്ട് ഉധ്യെഷിക്കുന്നത് എന്നത് ഏതാണ്ട് ഉറപ്പാണ് _ അല്ലെങ്കിൽ 1977-2009 വരെയുള്ള ബംഗാളിലെ രാഷ്ട്രീയ കൊലകളുടെ വിശദാംശങ്ങളെ കുറിച്ച് കേട്ടാൽ ജനാധിപത്യം എന്ന വാക്കുപോലും കേട്ടിട്ടില്ലാത്ത ഏതോ പ്രാകൃത അന്യഗ്രഹ ജീവികളാണ് കമ്മ്യൂണിസ്റ്റുകൾ എന്ന് നിസ്സംശയം ഏതൊരാളും പറയും , അബ്ദുള്ളക്കുട്ടിയുടെ നടുക്കുന്ന ഈ വെളിപ്പെടുത്തലുകളെ ബംഗാളിലെ 32 കൊല്ലത്തെ നരഹത്യ കളുടെ രക്തം മരവിക്കുന്ന കണക്കുകളുമായി ചേർത്ത് വായിച്ചാൽ അത് സത്യമല്ലാതിരിക്കാൻ ഒരു വഴിയുമില്ല എന്ന് ബോദ്ധ്യമാകും ,

1997 ഇൽ ബുദ്ധദേവ് ഭട്ടാചാര്യ അസംബ്ലിയിലെ ചോദ്യത്തിന് മറുപടിയായി 1996 വരെ ബംഗാളിൽ 28000 കൊലപാതകങ്ങൾ നടന്നിട്ടുണ്ട് എന്ന ഭീകരമായ വെളിപ്പെടുത്തൽ നടത്തിയത് നമ്മുടെ സ്വതന്ത്ര ഇന്ത്യയിലാണ് എന്നത് ഏതൊരാളുടെയും അത്യധികം ഭീതിയിലാക്കുന്ന ഒന്നാണ് എന്ന് പറയേണ്ടല്ലോ , ഇത് 1996 വരെയുള്ള കണക്ക് , ഇതേ വാർഷീക ആവറേജിൽ തന്നെ 2009 വരെ കൊലകൾ തുടർന്നു എന്നാണ് പിന്നീടുള്ള കണക്കുകൾ കൂടി പരിശോധിച്ചാൽ മനസ്സിലാകുന്നത് ,

അങ്ങനെയെങ്കിൽ മൊത്തം കൊലകളുടെ എണ്ണം 55000 ത്തോളം ആകും_ സി പി എം എന്ന ഒരു രാഷ്ട്രീയ പാർട്ടി ഇത്രയും കൊലകൾ ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് നടത്തി എന്ന് പറഞ്ഞാൽ അത് അവിശ്വസനീയമാണ് എന്ന് കരുതുന്ന ചിലരുടെയെങ്കിലും അറിവിലേക്കായി രണ്ട് കാര്യങ്ങൾ - ഒന്ന് ബംഗാളിലെ സി പി എം നേതാവിന്റെ മിട്നാപൂരിലെ വസതി വളപ്പിൽ നിന്നും കണ്ടെടുത്ത ഒൻപതോളം അസ്ഥി കൂടങ്ങളും
തലയോട്ടികളും , രണ്ട് ലോകത്താകമാനം കമ്മ്യൂണിസം കൊന്നു തള്ളിയ പത്തു കോടിയിൽ പരം മനുഷ്യരുടെ കണക്കുകൾ , അതും കൂടി പരിശോധിച്ചാൽ ഈ ഉപ്പിലിട്ട് കൊല്ലൽ എന്ന ബംഗാൾ രീതി സത്യമാകാനേ തരമുള്ളൂ എന്ന് മനസ്സിലാകും ,ചൈനയിലെ ആറര കോടി ,സോവിയറ്റ് യൂണിയനിലെ രണ്ടു കോടി ,കമ്പോടിയയിലെയും നോർത്ത് കൊറിയയിലെയും കൂടി നാൽപ്പത് ലക്ഷം ,ആഫ്രിക്കയിലെയും അഫ്ഗാനിലെയും കൂടി ഏകദേശം മുപ്പതു ലക്ഷം ,വിയറ്റ്നാമിലേയും കമ്മ്യൂനിസ്റ്റ് യൂറോപ്പിലെയും കൂടി ഇരുപതു ലക്ഷം ,ക്യൂബയിലെയും മറ്റിതര സ്ഥലങ്ങളിലെയും കൂടി കൂട്ടി രണ്ടു ലക്ഷം _ അങ്ങനെ ആകെ മൊത്തം ടോട്ടൽ ഏകദേശം പത്തു കോടിയിൽ പരം ജനങ്ങളെ കാലപുരിക്കയച്ചു കമ്മ്യൂണിസം . കമ്മ്യൂണിസത്തിന് ഇത്തരത്തിൽ മാത്രമേ പ്രവർത്തിക്കാൻ കഴിയൂ എന്നതാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത് ,അതായത് കമ്മ്യൂണിസം എന്നാൽ പാർട്ടിയുടെ സർവ്വാധിപത്യവും യഥാർത്ഥ ഫാസിസവും ആണ് എന്നതാണ് വസ്തുത .

എതിർക്കുന്നവരെ ഇല്ലാതാക്കിയും വാർത്തകൾ പുറം ലോകം അറിയാതെ മൂടി വച്ചും മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യവും പരിപൂർണ്ണമായി നിഷേധിച്ചും കമ്മ്യൂണിസം തീർക്കുന്ന ഇരുമ്പഴികൾക്കുള്ളിൽ മനുഷ്യർ അസ്വസ്ഥരായി ജീവിക്കുന്നു എന്നതാണ് സത്യം _ അവർക്ക് തുടർച്ചയായി അധികാരം നിലനിർത്താനുള്ള വഴികളാണ് രാഷ്ട്രീയ കൊലകളും എതിരാളികളുടെ വാ അടപ്പിക്കലും ബലാത്സംഗങ്ങളും കൊള്ളയും അതിലൂടെ ഉണ്ടാക്കുന്ന ഭീകര രാഷ്ട്രീയ അന്തരീക്ഷത്തിൽ ജനങ്ങൾക്ക് മറ്റൊരു വഴിയില്ലാതെ അവരെ അനുസരിക്കേണ്ടി വരുന്നു എന്നതാണ് കമ്മ്യൂണിസ്റ്റ് അധികാര തുടർച്ചകളുടെ രഹസ്യം , ഇവർ പാടി പുകഴ്ത്തുന്ന സംഘടന മികവ് എന്നാൽ മറ്റൊന്നുമല്ല - അതായത് പാർട്ടിയുടെ നിലനിൽപ്പിനും അധികാര തുടർച്ചക്കും ആവശ്യമായ രണ്ടു കൂട്ടം സംഘങ്ങളെ പാർട്ടിയിൽ സജ്ജരാക്കി നിർത്തി അവരെ പ്രവർത്തിപ്പിക്കുക എന്നതാണ് -ലോകത്തിനു മുന്നിൽ കാണിക്കാൻ മനുഷ്യത്വ മുഖമുള്ള കുറെ നേതാക്കളെയും - പാർട്ടി അധോലോകത്ത് മേൽ പറഞ്ഞ കൊലകൾ നടത്താൻ സുശക്തമായ ഒരു ചെകുത്താൻ പടയെയും ഒരുക്കി നിർത്തി - ഇവരെ പ്രത്യേക അനുപാതത്തിൽ ഉപയോഗപ്പെടുത്തി അധികാരം നിലനിർത്തുക എന്നതാണ് ഈ സംഘടന മികവ് എന്നത് ,അതിന്റെ ജീവിക്കുന്ന ഒരു ചെറു പതിപ്പ് നമുക്ക് നമ്മുടെ കേരളത്തിൽ കണാവുന്നതല്ലേ -ഇതിന്റെ ഒരു വലിയ ആഗോള പതിപ്പാണ് ആഗോള കമ്മ്യൂണിസത്തിൽ നടന്നതും നടക്കുന്നതും .

ബംഗാളിൽ തുടർച്ചയായി അവർക്ക് ഭരിക്കാൻ കഴിഞ്ഞതാണ് ഇത്രയും കൊലകൾ നടത്താനും അതിൽ പ്രതികളായവർക്ക് ശിക്ഷിക്കപ്പെടാതെ വിഹരിക്കാനും കഴിഞ്ഞത് എന്ന് പ്രത്യേകം പറയേണ്ടല്ലോ ,ഇത്തരത്തിൽ തുടർച്ചയായ ഒരു കമ്മ്യൂണിസ്റ്റ് ഭരണം കേരളത്തിൽ സംഭവിച്ചാൽ സി പി എമ്മിനെതിരെയുള്ള ഒരു കേസുപോലും പരിഗണിക്കാൻ ഒരു ജഡ്ജിയും തയ്യാറാകില്ല എന്നത് സ്പഷ്ടമല്ലേ , ഇപ്പോൾ തന്നെ ലാവ്ലിൻ കേസിൽ നിന്നും എത്ര ജഡ്ജിമാർ പേടിച്ചോടി ,ഇതാണ് കമ്മ്യൂണിസം നിയമ വാഴ്ചയെ പോലും ഹൈജാക്ക് ചെയ്ത് നാട്ടിൽ പാർട്ടി സർവ്വാധിപത്യം ശ്രുഷ്ട്ടിക്കുന്ന ഭീകര ഫാസിസം ഇവരാണോ ഉൾപാർട്ടി ജനാധിപത്യക്കാർ ?

ചിന്തിക്കുക ഇവർ പറയുന്ന സമാധാനവും ജനാധിപത്യവും ഇവർക്ക് സർവ്വാധിപത്യം ലഭിക്കുന്നത് വരയെ ഉണ്ടാകൂ ,ലോകത്തെവിടെയായാലും അങ്ങനെ തന്നെയാണ് എന്ന് ബംഗാൾ ഉന്മൂലനം നമ്മളെ പഠിപ്പിക്കുന്നു , ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെട്ടത് ഞങ്ങടെ പാർട്ടിയിൽ നിന്നുമാണ് എന്നാണ് സി പി എമ്മിന്റെ ഇരവാദം , എന്തെ സി പി ഐ യിൽ നിന്നും ആരും കൊലചെയ്യപ്പെടുന്നില്ല ,മാവോയിസ്റ്റുകളും നക്സലുകളും സി പി എമ്മുകാരും കൂടുതലായി കൊല്ലപ്പെടുന്നു എങ്കിൽ കുഴപ്പം അവർക്ക് തന്നെയല്ലേ _ ആനക്ക് അതിന്റെ വലിപ്പം അറിയില്ല എന്ന് പറയുന്നപോലെ കമ്മ്യൂണിസം എന്താണ് എന്നറിയാത്ത ചില നേതാക്കൾ സമാധാന പ്രിയരാണ് എങ്കിലും ക മ്മ്യൂണിസം എന്ന ഉറങ്ങി ക്കിടക്കുന്ന വിഷ സർപ്പത്തെ ഉണർത്തി പ്രവർത്തിപ്പിക്കാൻ കഴിവുള്ള നേതാക്കൾ ഉള്ളിടത്തൊക്കെ അവർ ഈ സംഹാര താണ്ഡവം ആടുക തന്നെ ചെയ്യും .

ബഹു പൂരിപക്ഷം വരുന്ന ഈ പാർട്ടിയുടെ പ്രവർത്തകർ ഇതെല്ലാം അറിഞ്ഞ് ഇത്തരം സംഹാര ലക്ഷ്യവുമായിട്ടല്ല ഈ പാർട്ടിയിൽ പ്രവർത്തിക്കുന്നത് എന്നതൊരു സത്യമാണ് ,അവർ കൂടി ഉണർന്ന് ചിന്തിക്കേണ്ട സമയമാണിത് നിങ്ങളെ കോണിയാക്കി ഈ ഫാസിസ്റ്റ് പാർട്ടി സർവ്വാധിപത്യം സ്ഥാപിച്ച് കഴിഞ്ഞാൽ പിന്നെ നടക്കുന്നത് നിങ്ങൾ പോലും ഏകാധിപത്യത്തിന്റെ ഉരുക്ക് കോട്ടയിൽ അൽപ്പം സ്വാതന്ത്ര്യത്തിനു വേണ്ടി ദാഹിക്കുന്ന കാഴ്ച്ചയാകും ,കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പാർട്ടിയെ ആരാധിക്കുന്ന അടിമകളെയാണ് ആവശ്യം അല്ലാതെ സ്വാതന്ത്ര്യം ആഘോഷിക്കുന്ന മനുഷ്യരെയല്ല , വരുന്ന തെരഞ്ഞെടുപ്പുകളിൽ വിവേക പൂർവ്വമായി വോട്ടു ചെയ്യുക ,ചില നല്ല
വ്യക്തികളെ നിങ്ങൾ ഈ പാർട്ടിയിൽ കാണുമായിരിക്കും - പക്ഷെ വ്യക്തികൾക്കല്ല ഈ പാർട്ടിയിൽ പ്രസക്തി പാർട്ടി പ്രത്യയശാസ്ത്രത്തിനാണ് - ഉന്മൂലന പ്രത്യയശാസ്ത്രത്തെ അംഗീകരിക്കുന്നഒരു പാർട്ടി നേതാവിനും അയാൾ വ്യക്തി പരമായി നല്ല വ്യക്തി ആണെങ്കിൽ കൂടി ഈ പാർട്ടിയുടെ യഥാർത്ഥ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ ശബ്ദിക്കാൻ കഴിയില്ലാത്തതു കൊണ്ട് അവർ പോലും ജനാധിപത്യത്തിന്റെ ശത്രുക്കളാണ് എന്ന് മനസ്സിലാക്കി മനുഷ്യാവകാശങ്ങളും ജനാധിപത്യവും സംരക്ഷിക്കുന്ന പാർട്ടികൾക്ക് വോട്ടു ചെയ്യുക , മതഭ്രാന്തന്മാരുടെ തമ്മിലടികളെ ഇവർ ഇവരുടെ നേട്ടങ്ങൾക്ക് വേണ്ടി വളച്ചൊടിച്ച് നിങ്ങളെ തെറ്റി ധരിപ്പിക്കും അത്തരം വഞ്ചനകളിൽ വീഴാതിരിക്കുക ,

നമുക്ക് വേണ്ടത് ഒരു വര്ഗ്ഗത്തിന്റെയും ആധിപത്യമല്ല , ഏതൊരു തൊഴിലാളിയും നാളെ മുതലാളി ആകാം എന്ന അവസ്ഥ നിലനിൽക്കുന്ന ജനാധിപത്യത്തിൽ മുതലാളിത്വ വിരോധം പറയുന്ന കമ്മ്യൂണിസത്തിന് എന്ത് പ്രസക്തി എത്ര വിരോധാഭാസമാണത് - തൊഴിലാളികളെ തൊഴിലാളികളായി തന്നെ നിലനിർത്തുന്ന പാർട്ടി മാത്രം മുതലാളിയായി നിലനിൽക്കുന്ന കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതിയിൽ അല്ലെ മുതലാളിത്വ
വിരോധം ശാശ്വതമായി നിലനിൽക്കൂ _ ഒരു തൊഴിലാളി സ്വന്തം അധ്വാനം കൊണ്ട് നാളെ മുതലാളി ആയാൽ പോലും ഈ വര്ഗ്ഗ പ്രസ്ഥാനത്തിന്റെ ശത്രുവാണ് , കൂടാതെ ഇന്ത്യൻ ജനാധിപത്യ പ്രക്രിയയിൽ പേരിനു മാത്രം പങ്കാളികളായി സ്വാതന്ത്ര്യ ദിനമോ റിപ്പബ്ലിക് ദിനമോ ആഘോഷിക്കാൻ മടിക്കുന്ന ഒരു ദേശീയ പതാക പോലും ഉയർത്താത്ത മനസ്സിൽ വർഗാധിപത്യ ഭരണം ലക്ഷ്യം വച്ച് പ്രവർത്തിക്കുന്ന ഈ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ ഇവിടെ നിരോധിക്കേണ്ടതും ആവശ്യമായി വന്നിരിക്കുന്നു , എങ്ങനെ നോക്കിയാലും ഒരു വിധത്തിലും അനുകാലീക പ്രസക്തിയില്ലാത്ത ഈ ചെകുത്താന്റെ പ്രത്യയ ശാസ്ത്രത്തിൽ നിന്നും ഒരു സമ്പൂർണ്ണ മോചനം ഈ നാടിന് ആവശ്യമാണ് ,അതിനുള്ള ഏറ്റവും നല്ല വഴി തെരഞ്ഞെടുപ്പുകൾ ഇത്തരം ശക്തികൾക്കെതിരെ ഉപയോഗപ്പെടുത്തുക എന്നതാണ് .

ഇനിയും ഒരു കമ്മ്യൂണിസ്റ്റായിരിക്കാൻ നിങ്ങൾക്ക് കാരണങ്ങൾ ഉണ്ടോ __ ജയ് ഹിന്ദ്.


http://www.mainstreamweekly.net/article2234.html

Friday, December 28, 2012

ആ  കുട്ടി  മരിച്ചു ,എന്താ സംശയം ഇനിയും മരിക്കും , ഈ കുട്ടി മരിക്കുന്നതിനു മുന്‍പേ അടുത്ത കൂട്ട ബലാല്‍സംഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു ,ഈ മുതലാളിത്വ വ്യവസ്ഥിതിയില്‍ എല്ലാം പണം തീരുമാനിക്കും ,പണത്തിനു വേണ്ടി ആരും എന്തും ചെയ്യും -ഈ അവസ്ഥ മാറാതെ ഒന്നിനും ഒരു പരിഹാരവും ഉണ്ടാകും എന്ന് കരുതുന്നില്ല ,സോഷ്യലിസം പുലര്‍ന്നില്ലെങ്കിലും തന്‍റെ പ്രശ്നങ്ങളില്‍ സഹായ ഹസ്തം നീട്ടാന്‍ ഒരു സര്‍ക്കാര്‍ ഉണ്ടാകും എന്നാ പ്രതീക്ഷ ജനങ്ങളില്‍ ഉണ്ടാകണം ,എങ്ങനെ ഉണ്ടാകും ജനങ്ങളെ പ്രതി സ്ഥാനത് നിര്‍ത്തി ഭരണം എന്ന ജോലി ചെയ്യുന്ന ജനാധിപത്യ രാജാക്കന്മാരില്‍ നിന്നും മറ്റെന്തു പ്രതീക്ഷിക്കാന്‍ .  ഭരണ കൂടത്തെ  പ്രീതിപ്പെടുതാത്ത വിധികള്‍ കോടതികളില്‍ നിന്നും ഉണ്ടാകില്ല ,പോലീസുകാര്‍ പണം വാങ്ങി കുറ്റവാളികളെ രക്ഷിക്കുന്നു .കേസിലെ പ്രതികള്‍ നമ്മളെ ഭരിക്കുന്നു ,ഇനിയും വെള്ളവും വെളിച്ചവും എത്താത്ത ലക്ഷക്കണക്കിന്‌ ഗ്രാമങ്ങളില്‍ എന്താണ് നടക്കുന്നത് എന്ന് പോലും നമ്മള്‍ അറിയാറില്ല അത്രയ്ക്കുണ്ട് ഭരണകൂട ത്തിന് ജനങ്ങളോടുള്ള സമീപനം -വളരെ കുറഞ്ഞ ഒരു ശതമാനം വരുന്ന ജനത അനുഭവിക്കുന്ന ആഡംബര ജീവിതം അതാണ്‌ ജീവിതം എന്ന് മറ്റുള്ളവരെ തെറ്റി ധരിപ്പിച്ച് ,ഒരിക്കലും   എത്തി പ്പിടിക്കാന്‍ കഴിയാത്ത ആ ആഡംബര ജീവിതത്തിനു പുറകെ ഓടുന്ന വെറും ഉല്‍പന്നങ്ങളാക്കി   മനുഷ്യനെ മുതലാളിത്വം മാറ്റി -ഇന്ന് നമ്മള്‍ മനുഷ്യരല്ല മുതലാളിത്വ   ലോകം നിര്‍മ്മിക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന   ഉത്പന്നങ്ങള്‍ വാങ്ങാനുള്ള   വെറും കസ്റ്റമര്‍ മാത്രമാണ് ,പൊട്ടന്‍ഷ്യല്‍ ബയര്‍ അല്ലാത്ത  ഒരു മനുഷ്യ   ജീവിയേയും   ഈ മുതലാളിത്വം സംരക്ഷിക്കില്ല .ഊഹ ക്കച്ചവട സ്റ്റൊക്ക് എക്സ്ച്ചേഞ്ചിലെ  മിന്നിമറയുന്ന

കണക്കുകളാണ്   രാജ്യത്തിന്റെ  വികസനം  എന്ന സാമ്രാജ്യത്വ  നുണ വിശ്വസിച്ച്  ആ  കണക്കുകള്‍ എത്തിപ്പിടിക്കാന്‍ കിതച്ചുകൊണ്ട് ഓടി ക്കൊണ്ടിരിക്കുന്ന ഒരു രാജ്യത്തെ ജനങ്ങള്‍ അരക്ഷിതാവസ്തയിലാണ് ജീവിക്കുന്നത് എന്നതില്‍ എന്തത്ഭുതം , വികസനമെന്നത് ജനങ്ങള്‍ക്ക്‌ സഹായ ഹസ്തമായി എല്ലാ കാര്യങ്ങളിലും സര്‍ക്കാര്‍ ഉണ്ടാകും എന്നാ പ്രതീക്ഷ ജനങ്ങളില്‍ ഉണ്ടാകുകയും ജനങ്ങളുടെ എല്ലാ വേദനകളിലും സര്‍ക്കാര്‍ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്‌താല്‍ ,ഏതു വിധേനയും പണ മുണ്ടാക്കി      സ്വയം സുരക്ഷിതരാകണം എന്ന അരക്ഷിത ചിന്ത ഇല്ലാതാകുകയും -ചെയ്യേണ്ട ജോലി കൃത്യമായി ചെയ്യുകയും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്ന രീതിയില്‍ എഫ് ഐ ആര്‍ എഴുതുന്നത്‌ മുതല്‍ - വിധി  ഭരണ കൂട താല്പര്യത്തിന് എതിരാ ണെങ്കില്‍   പോലും അത് നടപ്പില്‍ വരികയും ചെയ്യുന്ന ഒരു സാമൂഹ്യ അന്തരീക്ഷം ഉണ്ടായാല്‍ അവിടെയായിരിക്കും സ്ത്രീ പുരുഷ ഭേതമന്യേ എല്ലാവരും സുരക്ഷിതരാകുന്നത് .

Friday, December 7, 2012

മനുഷ്യരെ നിര്‍മ്മിക്കുന്നുണ്ടോ ?


മനുഷ്യ  സ്നേഹികളുടെ ഹൃദയത്തെ തകര്‍ത്ത കാഴ്ചകളായിരുന്നു അത്ലറ്റിക്  ഫാക്ട്ടരികളില്‍  ശാരീരിക പീഡനങ്ങള്‍ ഏല്‍ക്കുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ ,ശരീരത്തെ വളച്ചൊടിച്ച്  അഭ്യാസങ്ങള്‍ കാണിക്കുന്ന കായിക മത്സരങ്ങള്‍ കൊണ്ട് ആര്‍ക്കെന്തു പ്രയോജനം ,ബുദ്ധിയും കഴിവും ഒന്നും ആവശ്യമില്ലാത്ത അത്തരം കായിക അഭ്യാസങ്ങള്‍ മനുഷ്യാവകാശ ലംഖനങ്ങളായി  കണ്ടു നിരോധിക്കേണ്ട സമയം എന്നെ കഴിഞ്ഞു ..പറയാന്‍ വന്നത് അത്ലറ്റിക് ഫാക്ടരികളെ കുറിച്ചല്ല അതിനേക്കാള്‍ ഭീകരമായ മനുഷ്യ നിര്‍മ്മാണ ഫാക്ടരികളെ കുറിച്ചാണ് .

ഇന്റര്‍നെറ്റില്‍ കാണുന്ന ആയിര ക്കണക്കിന് പോണ്‍  സൈറ്റുകളില്‍ നിറഞ്ഞു നില്‍ക്കുന്ന  കൌമാരം പോലും എത്താത്ത പതിനായിരക്കണക്കിനു പെണ്‍  കുട്ടികളെ കുറിച്ചാണ് ,അവരെ ഉല്‍പ്പാദിപ്പിച്ചു വളര്‍ത്തിയെടുക്കുന്ന സെക്സ് ഫാക്ടരികളെ കുറിച്ചാണ് ,അങ്ങനെ കുട്ടികളെ ഉത്പാദിപ്പിച്ചു വളര്‍ത്തിയെടുത്ത്  കുഞ്ഞു പ്രായത്തില്‍ തന്നെ എല്ലാ സീമകളും ലംഖിക്കുന്ന ലൈംഗീഗ തൊഴിലാളി യാക്കി മാറ്റുന്ന ഫാക്ടറികള്‍ ഈ ലോകത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് സ്വാഭാവികമായും പലരും സംശയിക്കും , ശരിയാണ് പക്ഷെ  കുറ്റവാളികളായി പിടിക്കുന്നവരെ കുറ്റം സമ്മതിതിപ്പിക്കാനും കുറ്റം സമ്മതിച്ചവരെ  പീഡിപ്പിച്ചു കൊല്ലാനും നമ്മുടെ കൊച്ചു കേരളത്തില്‍ വരെ ഒരുപാട് രഹസ്യ പീഡന സങ്കേതങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്ന സത്യം അറിയുമ്പോള്‍ നമുക്ക് മേല്പറഞ്ഞ തരത്തിലുള്ള സങ്കേതങ്ങളും ഉണ്ട് എന്ന് തന്നെ വേണം കരുതാന്‍ , കുറ്റവാളികളെ ശാരീരികമായി പീഡിപ്പിചു കൊല്ലാന്‍ വേണ്ടി  മാത്രം  പ്രത്യേകം തയ്യാറാക്കി നിര്‍ത്തപ്പെട്ട ഒരു കൂട്ടം നിയമ പാലകര്‍ ഉണ്ട്  എന്ന് അറിയുമ്പോള്‍ ,കുട്ടികളെ ഉത്പാദിപ്പിച്ച് വളര്‍ത്തിയെടുത്ത്  പോര്‍ണോ  മാര്‍കറ്റില്‍ എത്തിക്കാന്‍ നിര്‍ദയരായ  മനുഷ്യര്‍ തയ്യാറായി നില്‍ക്കുന്നുണ്ട് എന്ന് തന്നെ വേണം കരുതാന്‍ , പുറം ലോകവും മാധ്യമങ്ങളും പറയാത്തതൊന്നും  ഈ ലോകത്ത് നില നില്‍ക്കുന്നില്ല എന്ന് കരുതാന്‍ ഒരിക്കലും കഴിയില്ല ,കാരണം സ്ത്രീ ശരീരം എന്നത് വളരെയേറെ ആവശ്യക്കാരുള്ള ഒരു ഉല്പന്നം ആണ് എന്നത് ഒരു സത്യമാണ് ,അത് കൊണ്ട് തന്നെ കമ്പോളത്തില്‍ വിലയുള്ള ഒരു ഉല്പന്നം ഈ മുതലാളിത്വ സാമ്പത്തീക വ്യവസ്ഥിതിയില്‍ നിര്‍മ്മിക്കപ്പെടില്ല എന്ന് കരുതാന്‍ ഒരു കാരണവും കാണുന്നില്ല . പണത്തിനും പ്രശസ്തിക്കും വേണ്ടി ശ്വേതയും  മൈധിലിയും  സ്വന്തം കൊഴുപ്പും മുഴുപ്പും ഭ്രമിപ്പിക്കുന്ന താളത്തില്‍ കുലുക്കി സ്വയം വില്‍പന ചരക്കാകാന്‍ തയ്യാറാകുന്നതും അത് കാണാന്‍ ആവശ്യക്കാരുണ്ട് എന്ന തിരിച്ചരിവുള്ളത് കൊണ്ടാണ് ,ഇത്തരത്തില്‍ സ്ത്രീ സ്വയം വില്പനയ്ക്ക് തയ്യാറായി നില്‍ക്കുന്ന സമൂഹത്തില്‍ അങ്ങിങ്ങ് മുഴങ്ങിക്കേള്‍ക്കുന്ന സ്ത്രീ സംരക്ഷണ കൊച്ചമ്മ  സ്വരങ്ങള്‍ ഈ ദുരവസ്ഥയുടെ കാരണങ്ങള്‍ മനസ്സിലാക്കാതെയുള്ള വെറും കുറുകലുകള്‍ മാത്രമാണ് എന്ന് പറയാതെ വയ്യ .ഒരു വശത്ത് മാധ്യങ്ങളായ മാധ്യമം മുഴുവനും ആരെയും കൊതിപ്പിക്കുന്ന തരത്തില്‍  വില്പനയ്ക്ക് ശരീരം  തയ്യാറാക്കി  സ്ത്രീ ഒരുങ്ങി നില്‍ക്കുന്നു  അതിനെതിരെ ഒരു സ്ത്രീ സംരക്ഷണ ക്കാരും ശബ്ദമുയര്‍ത്തി കേട്ടിട്ടില്ല  - ഇതെല്ലാം കണ്ട്   ആ  വിഭവം ഒന്ന് രുചിച്ചു നോക്കാന്‍ ഏതെങ്കിലും പുരുഷന്മാര്‍ ശ്രമിച്ചാല്‍ അവരെ എങ്ങനെ തെറ്റ് പറയാന്‍ കഴിയും (ഗോവിന്ദ ചാമിമാരെ മാറ്റിനിര്‍ത്തുന്നു ) ...

പറഞ്ഞു വന്നത് പോണ്‍  സൈറ്റില്‍ നിറഞ്ഞു നില്‍ക്കുന്ന കുഞ്ഞു കുട്ടികള്‍ എവിടെ നിന്ന് വരുന്നു ,ഇത്ര ചെറു പ്രായത്തില്‍ സ്വന്തം ഇഷ്ട്ടപ്രകാരം അവര്‍ തെരെഞ്ഞെടുത്ത  ഒരു ജീവിത മാര്‍ഗ്ഗമാണ് ഈ ലൈംഗീഗ  തൊഴിലാളി വേഷം എന്ന് ഒരിക്കലും കരുതാന്‍ വയ്യ -ഏതു   മത്സരവും ജയിക്കാന്‍ കഴിയുന്ന തരത്തില്‍ ആ കുഞ്ഞുങ്ങളെ   പരിശീലിപ്പിച്ചു മാറ്റിയെടുക്കുന്നവര്‍ ആരാണ് ?  പത്തും പതിനൊന്നും വയസ്സായ കുട്ടികള്‍ ഒരിക്കലും സംവിധായകന്റെ നിര്‍ദേശം കൊണ്ട് മാത്രം എല്ലാ സീമകളും ലംഘിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കില്ല കാരണം അവരുടെ മനസ്സില്‍ അത്തരത്തില്‍ ഒരു ചിന്ത വരേണ്ട സമയം ആയിട്ടില്ല . പിന്നെ എങ്ങനെ ഇത് സാധിക്കുന്നു ? തീര്‍ച്ചയായും കൈക്കുഞ്ഞുങ്ങളായ അവസ്ഥയില്‍ തന്നെ കുഞ്ഞുങ്ങളെ ശേഖരിച്ച്  പ്രത്യേക സങ്കേതങ്ങളില്‍ വളര്‍ത്തിയെടുക്കുന്നതായിരിക്കണം - അതും മനുഷ്യത്വത്തിന്റെ അംശം പോലും നല്‍കാതെ മൃഗീയമായ രീതിയില്‍ ,  അവര്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി മാത്രമാണ് എന്ന രീതിയില്‍  അവരുടെ മനസ്സിനെ പാകപ്പെടുത്തി എടുക്കണമെങ്കില്‍ പുറം ലോകത്തെ കുറിച്ച് ഒരറിവും നല്‍കാതെ ചെറു പ്രായത്തിലെ അവരെ ക്രൂരമായി പീഡിപ്പിച്ചു പരുവപ്പെടുത്തി മാറ്റിയെടുക്കണം - ആ പ്രവര്‍ത്തി ലോകത്തിലെ ഏറ്റവും ക്രൂരമായ ഒന്നായിരിക്കണം -മുട്ട വിരിയിച്ചെടുത്ത കോഴിക്കുഞ്ഞുങ്ങളെ ഇറച്ചിക്ക് വേണ്ടി മാത്രം വളര്‍ത്തുന്ന പോലെ തന്നെ യാകണം ആ കുട്ടികളും നിര്‍മ്മിക്കപ്പെടുന്നത് , അങ്ങനെയെങ്കില്‍ ആ കുട്ടികളെ എവിടെ നിന്നും  ലഭിക്കുന്നു ?തട്ടിയെടുക്ക പ്പെടുന്ന കുട്ടികള്‍ ആയിരിക്കണമെന്നില്ല  ,അടവച്ച് വിരിയിച്ചെടുക്കുന്ന പോലെ ഈ ആവശ്യങ്ങള്‍ക്ക് വേണ്ടി പ്രസവിപ്പിച്ച് എടുക്കുന്നതായിരിക്കണം , അപ്പോള്‍ ആര് പ്രസവിക്കുന്നു എവിടെ പ്രസവിക്കുന്നു ഇവരെ എവിടെ വളര്‍ത്തുന്നു ? നമ്മള്‍ അറിയാതെ ഒരു സമാന്തര മെഡിക്കല്‍ സിസ്റ്റവും മനുഷ്യ നിര്‍മ്മാണ ഫാക്ടറിയും എവിടെയെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടാകുമോ ?ഈ നശിച്ച മുതലാളിത്വ വ്യവസ്ഥിതിയില്‍ പണമുണ്ടാക്കാന്‍ മനുഷ്യരെ നിര്‍മ്മിക്കുന്നുണ്ടോ  ?

ഷിയാസ് .

Monday, December 12, 2011

ജെയ്പൂര്‍ സ്പോടനം -പ്രതികളാക്കിയ നിരപരാധികളായ 11 മുസ്ലീം യുവാക്കളെയും ജെയ്പൂര്‍ കോടതി വരുതേ വിട്ടു .
ഹൈദരാബാദ് സ്പോടനത്തിലും പ്രതി ചേര്‍ക്കപ്പെട്ട നിരപരാധികളായ യുവാക്കളെ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു .ഇന്ത്യയില്‍ നടത്തിയ വ്യാജ എട്ടു മുട്ടലുകളില്‍ പലതും പുറത്തു വരുന്നു .അതി ഭീകരമായ ഇതെല്ലാം നടന്നത്
ഇന്ത്യയിലാണെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല ,ഇനിയും
അറിയപ്പെടാത്ത നരഹത്യകള്‍ എത്രമാത്രം ആയിരിക്കും .

ഇഷ്റത്ത് ജഹാനെയും കൌസര്‍ ബി യെയും മാനഭംഗപ്പെടുത്തി ക്രൂരമായി വെടിവച്ചു കൊലപ്പെടുത്തിയ പോലീസുകാരും അതിനൊത്താശ ചെയ്ത ഭരണകൂടവും മാപ്പര്‍ഹിക്കാത്ത കൊലക്കുറ്റത്തിന് വിചാരണ ചെയ്യപ്പെടേണ്ടതാണ് .

മാധ്യമങ്ങളും പോലീസും ഭരണകൂടവും ചേര്‍ന്ന് വളഞ്ഞു പിടിച്ച് ജയിലില്‍ അടച്ച് ക്രൂരമായ പീഡനങ്ങള്‍ ക്കിരയായി ക്കൊണ്ടിരിക്കുന്ന നിരപരാധികളായ മുസ്ലീം യുവാക്കള്‍ എത്രയാണെന്ന് അറിയാന്‍ ,കഴിഞ്ഞ പത്തു പതിനഞ്ചു വര്‍ഷത്തെ ഏറ്റു മുട്ടലുകളും ,തീവ്ര വാദ വേട്ടയും ,സ്പോടന ക്കേസില്‍ പിടിക്ക പ്പെട്ടവരെയും കുറിച്ച് ഒരു സത്യസന്ധമായ പുനര്‍ അന്വേഷണം നടത്തണം , മലയാളികള്‍ ഉള്‍പ്പടെയുള്ള വര്‍ തീവ്ര വാദത്തിന്റ്റെ പേരില്‍ കൊല്ലപ്പെട്ടത് വ്യാജ എട്ടുമുട്ടലിലാണോ എന്ന് പുനരന്വേഷണം നടത്തേണ്ടത് അത്യാവശ്യമായിരിക്കുന്നു .
ഒരു കുറ്റവും തെളിയിക്ക പ്പെടാതെ മദനി ജയിലില്‍ കിടക്കേണ്ടി വരുന്നതും ഇതേ കാരണം കൊണ്ട് തന്നെ .

ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാന്‍ പാടില്ലാത്ത ഇന്ത്യയില്‍ ഇത്തരം വ്യാജ ഏറ്റുമുട്ടലുകളും ,നിരപരാധികളെ ജയിലിലടച്ചു പീഡിപ്പിക്കുന്നതും അങ്ങേയറ്റം ശിക്ഷ നല്‍കേണ്ട കുറ്റമാണ് .

അധികാരത്തിനും ബിസിനസ്സിനും വേണ്ടി കരുതി ക്കൂട്ടി നടത്തുന്ന സ്പോടനങ്ങള്‍ ആസൂത്രിതമായി നിരപരാധികളുടെ
മേല്‍ കെട്ടിവച്ചു നടത്തുന്ന ഈ കളി ഒരിക്കലും ഭാരത സംസ്കാരത്തിനും ,മനുഷ്യത്വ ത്തിനും ചേര്‍ന്നതല്ല -ഇത് മാപ്പര്‍ഹിക്കാത്ത ക്രിമിനല്‍ കുറ്റമാണ് .

ഇന്ത്യയുടെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ നഷ്ടപ്പെടുത്തി എല്ലാ വിധത്തിലും ഇന്ത്യയെ തകര്‍ക്കാന്‍ കാത്തിരിക്കുന്ന ശക്തികള്‍ ആരാണ് ,അവരുടെ കയ്യിലെ ചട്ടുകമായി അവര്‍ക്ക് ഇന്ത്യയിലെ ഹൈന്ദവ മുസ്ലീം വര്‍ഗീയ വാദികളെ ഉപയോഗിക്കാന്‍ കഴിയുന്നു എന്നതും ,ഇത് തിരിച്ചറിഞ്ഞു മുഖം നോക്കാതെ നിയമം
നടപ്പിലാക്കാന്‍ ഭരണ കൂടത്തിനു കഴിയാതിരിക്കുന്നതും ഈ തകര്‍ച്ചയുടെ ആക്കം കൂട്ടുന്നു .ഭരണകൂടവും ഇവരില്‍ ഒരാളാകുമ്പോള്‍ തകര്‍ച്ച പരിപൂര്‍ണ്ണ മാകുന്നു .
ഒരു നിരപരാധിയും ശിക്ഷിക്ക പ്പെടാതിരിക്കട്ടെ .ജയ് ഹിന്ദ്‌ !!!

Monday, December 5, 2011

മുല്ലപ്പെരിയാര്‍ .
**************

യു ഡി എഫിന്റെ വാട്ടര്‍ലൂ ആയ പിറവം ഉപ തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് ഇറക്കി ക്കളിച്ച ഒരു ട്രോജന്‍ ഹോഴ്സ് ആയിരുന്നു
മുല്ല പെരിയാര്‍വിഷയം എന്ന് ശക്തമായി സംശയിക്കേണ്ടി യിരിക്കുന്നു , പക്ഷെ കാര്യങ്ങള്‍ അവരുടെ കൈ വിട്ടു പോയിരിക്കുന്നു ഇപ്പോള്‍ . വര്‍ഷങ്ങളായി പികയുന്ന മുല്ലപ്പെരിയാര്‍ എന്ന വിഷയം ഇത്ര ശക്തമായി ഇപ്പോള്‍ പൊട്ടി പ്പുറപ്പെടാന്‍ മറ്റൊരു കാരണവുമില്ല ,ഡാമിന്റ്റെകാലപ്പഴക്കം കണക്കിലെടുത്ത്പുനര്‍നിര്‍മ്മിക്കെണ്ടാതാണെന്നതിനും ശാശ്വത പരിഹാരം ആവശ്യമാണ് എന്നതിനും തര്‍ക്കമില്ല .

പക്ഷെ വളരെ നയതന്ത്ര പരമായി പരിഹരിക്കേണ്ടിയിരുന്ന ഒരു പ്രശ്നം ശ്രീ പി ജെ ജോസഫിന്റെ അതിവൈകാരികമായ ഭീതി വിതക്കലിലൂടെ വിപരീത ഫല മാണ് ഉണ്ടാക്കിയിരിക്കുന്നത് ,മാത്രമല്ല കേരള തമിഴ് ജനതയുടെ പരസ്പരമുള്ള എട്ടുമുട്ടലിലേക്കും കലാപങ്ങളിലെക്കും വരെ എത്തിയിരിക്കുന്നു കാര്യങ്ങള്‍ .

പ്രശ്ന പരിഹാരത്തിന് തടസ്സം മറ്റൊന്നുമല്ല ,ഒരു സുപ്രീം കോടതി വിധിയാണ് .നിലനില്‍ക്കുന്ന ഈ വിധിക്കെതിരെ ഒരു ചെറു വിരല്‍ പോലും അനക്കാന്‍ യു ഡി എഫിന് കഴിഞ്ഞിട്ടുണ്ടോ ? യഥാര്‍ത്ഥ പ്രശ്ന പരിഹാരമാണ് ലക്ഷ്യമെങ്കില്‍ ചെയ്യേണ്ടത് ഡാമിന്റെ ദുരവസ്ഥ സുപ്രീം കോടതിയെ ബോധ്യപ്പെടുത്തുക എന്നതാണ് ,അത് ചെയ്യാതെ
നിരാഹാര നാടകം നടത്തി സമരോല്‍സവം നടത്തുകയാണ് ഈ സര്‍ക്കാര്‍ .ഏതു നിമിഷവും പൊട്ടുന്ന അവസ്ഥയിലാണ് ഡാമെങ്കില്‍ ഇപ്പറയുന്ന ഏതെങ്കിലും നേതാക്കള്‍ അവിടെ നിരാഹാരം കിടക്കുമോ ?

അല്ലെങ്കില്‍ തന്നെ വിദേശ ഭീമന്‍മാരെ ഇന്ത്യയിലേക്കാനയിക്കാന്‍ കാത്തിരിക്കുന്ന ഇന്നത്തെ കൊണ്ഗ്രസ്സിന്
ഗാന്ധിയന്‍ സമര രീതികള്‍ നടത്താന്‍ എന്തവകാശം .

പ്രദേശ വാസികളായ ജനങ്ങളും ,കേരളത്തിലെ ജന പ്രതിനിധികളും ,സാമൂഹ്യ പ്രവര്‍ത്തകരും മുഴുവന്‍ ഒന്ന്
ചേര്‍ന്ന് ഒപ്പിട്ട ഒരു അതി ഭീമ ഹര്‍ജി സുപ്രീം കോടതിയില്‍
സമര്‍പ്പിച്ചാല്‍ ,ആ നിമിഷം കോടതി യുദ്ധ കാല അടിസ്ഥാനത്തില്‍ വിദഗ്ധ സമിതിയെ നിയോഗിച്ച് ഡാമിന്റെ
അവസ്ഥ പരിശോധിക്കുo ഇതുവഴി കോടതിയെ ഡാമിന്റെ ദുരവസ്ഥ ബോധ്യപ്പെടുത്തുകയും ചെയ്യ)o ,ഇതില്‍ നമ്മള്‍ വിജയിച്ചാല്‍ പ്രശ്നം
പരിഹരിക്കപ്പെടും .സമരോല്‍സവം നിര്‍ത്തി ചെയ്യേണ്ടത് ചെയ്യൂ സര്‍ക്കാരെ !!! കലാപങ്ങള്‍ ഉണ്ടായാല്‍ അതിന്റെ ഉത്തരവാദി ആരാണ് ,നിരുത്തരവാദ പരമായി നടത്തപ്പെട്ട ആ വാര്‍ത്താ സമ്മേളന മല്ലെ ?