ചേകന്നൂർ മൗലവിയുടെ ചിന്തകൾ സമൂഹത്തിൽ സജീവമാക്കി മൌലവിയുടെ കൊലയാളികളായ പൗരോഹിത്യ മത തീവ്രവാദത്തോട് നമുക്ക് പ്രതികാരം ചെയ്യേണ്ടതായിട്ടുണ്ട് .
ഇസ്ലാമിന്റെ സോഫ്റ്റും ഹാർഡും ഹാർഡ്കോറുമായ പല പതിപ്പുകൾ നമുക്കിടയിൽ ഇന്ന് സുലഭമാണ് . ഇവയിലൊന്നിൽ പോലും ആഴത്തിലുള്ള ഒരു ഫിലോസഫിക്കൽ ചിന്ത കാണാൻ കഴിയുന്നില്ല എന്നതാണ് ഇവകൾ തമ്മിലുള്ള സാമ്യം - എല്ലാ ചിന്തകളും ഫ്ലാറ്റും ഉപരിതലസ്പർശിയുമാണ് .
അമൂർത്തമാണ് ദൈവം എന്ന നിരുപദ്രവകരമായ പൊതു തത്വത്തെ ഫ്ലാറ്റ് ചിന്തകൾ കൊണ്ട് മതവൽക്കരിക്കുമ്പോൾ ഇസ്ലാമിൽ സംഭവിക്കുന്നത് വിരോധാഭാസങ്ങളാണ് , അമൂർത്ത ദൈവ സങ്കൽപ്പത്തെ എളുപ്പത്തിൽ " ബിംബാരാധന വിരുദ്ധമെന്ന് " മാത്രം വിശദീകരിക്കപ്പെടുകയും - സിമ്പോളിക്ക് ആയ അനേകം ആരാധനകൾ ഇസ്ലാമിൽ നിനിലനിർത്തുകയും ചെയ്യുന്നു എന്നതാണ് പ്രധാനപ്പെട്ട വിരോധാഭാസം .
തലയും ഉടലും മെയ്യും കാലും ഒക്കെയുള്ള ബിംബങ്ങൾ മാത്രമാണ് ആരാധനയ്ക്ക് അർഹരല്ലാത്തത് എന്ന് വിശ്വസിക്കുന്നവർക്ക് - സൂര്യനും ചന്ദ്രനും കിഴക്കും പടിഞ്ഞാറും കൊല്ലാകൊല്ലമുള്ള ഓർമ പുതുക്കലുകളും വസ്ത്ര ധാരണ രീതികളും കല്ലേറും സ്വർഗ്ഗത്തിലെ കല്ലിനെ മുത്തലും മൃഗ ബലിയും തീർഥാടനങ്ങളും ആരാധാനാലയങ്ങളും ചില ദിവസങ്ങൾക്കുള്ള പ്രത്യേകതകളും വ്യക്തി ചെയ്തികൾപിന്തുടരലും ഒക്കെ ബിംബങ്ങൾ തന്നെയാണെന്ന് മനസ്സിലാക്കാൻ കഴിയാതെ പോകുന്നു .
ഇവിടെയാണ് മൗലവി ചേകന്നൂർ മുന്നോട്ട് വയ്ക്കുന്ന ഇസ്ലാമിന്റെ പ്രസക്തി - പള്ളികൾ പോലും ആവശ്യമില്ലാത്ത സ്വന്തം മനസ്സിൽ നടക്കേണ്ട ഒരു പരിഷ്കരണവും അതിലൂടെ സാദ്ധ്യമാകുന്ന സാമൂഹ്യ പരിഷ്കരണവും മാത്രമാണ് ഇസ്ലാം എന്നതുകൊണ്ട് ഉദ്യേശിക്കുന്നത് എന്ന് ഖുറാനിൽ നിന്ന് തന്നെ അദ്ദേഹം സമർഥിക്കുമ്പോൾ ആ ചിന്ത മറ്റുപല ഉന്നത തത്വ ചിന്തകളോടും കിടപിടിക്കുന്നതാണ് എന്നതിൽ
തർക്കമില്ല .എന്ന് മാത്രമല്ല അത്തരം ഒരു ചിന്തയിൽ മാത്രമാണ് സകല തരത്തിലുള്ള ബിംബങ്ങളും അപ്രത്യക്ഷമാകുന്നത് -അത് അമൂർത്തമായ ദൈവ സങ്കൽപ്പത്തോട് നീതി പുലർത്തുന്ന ഒരു ചിന്ത കൂടിയാണ് എന്നതുകൊണ്ട്, ഈ ഇസ്ലാമിക് ചിന്തയെ ഇന്നത്തെ ലോകത്തെ മറ്റ് മത ചിന്തകളോട് സാങ്കേതീകമായി ചേർത്തുവയ്ക്കുന്നതിൽ അപാകതയില്ല -ഇത്തരമൊരു ആഴങ്ങളെ സ്പർശിക്കുന്ന ചിന്തയിൽ
ഒരിക്കലും നാം ഇന്ന് കാണുന്ന തരത്തിലുള്ള ഇസ്ലാം ദംഷ്ട്രകൾ ഉണ്ടാകൽ സാധ്യമല്ല ,( മത ചിന്തകൾ ആകമാനം പുന:പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ് എന്ന നാസ്തീക ചിന്ത നാമിവിടെ തൽക്കാലം മാറ്റിവയ്ക്കുന്നു ) .
അപ്പോൾ ,നാസ്ഥികരേയും ഖുറാൻ വിമർശകരേയും ഒരു പോലെ കുഴയ്ക്കുന്നു ഈ ചോദ്യം .
നമുക്ക് പരിചയമുള്ള ഖുറാനിൽ അത്രയേറെ മഹത്തരമായ ചിന്തകൾ ഉണ്ടാകാനുള്ള സാധ്യതകൾ ഇല്ല എന്ന് തന്നെയാണ് വിമർശകരായവരുടെ വിശ്വാസവും അറിവും - അങ്ങനെയെങ്കിൽ അതേ ഖുറാനിൽ നിന്നും മൗലവിക്ക് മാത്രം എവിടെനിന്ന് കിട്ടുന്നു ഇത്തരമൊരു താത്വീക ചിന്ത ?
വ്യക്തി സ്വാതന്ത്ര്യത്തെ കൂച്ചു വിലങ്ങിടുന്ന ആരാധനാ കർമ്മങ്ങൾ ഇല്ലാത്ത - ഗോത്രീയ കാലത്തേക്ക് മനുഷ്യനെ വലിച്ചു കൊണ്ടുപോകുന്ന മത നിയമങ്ങൾ ഇല്ലാത്ത - മാനവരാശിയുടെ മുന്നോട്ടുള്ള ചലനത്തെ തുരങ്കം വയ്ക്കുന്ന യാതൊന്നുമില്ലാത്ത - ചേലാകർമ്മമെന്ന ബാല പീഡനമില്ലാത്ത - റംസാനെന്ന പട്ടിണി കിടക്കൽ ഇല്ലാത്ത - ജിഹാദെന്ന തീവ്രവാദമില്ലാത്ത - ഇസ്ലാമിക് സ്റ്റേറ്റെന്ന
പൈശാചീകതയില്ലാത്ത - കോടികളുടെ പള്ളികളോ - മതത്തിന്റെ പേരിൽ കമ്പനി നടത്തിപ്പോ - ഇസ്ലാം എന്ന ഒരു മതം പോലുമോ അപ്രത്യക്ഷമാകുന്ന ഒരിസ്ലാം ... മൗലവിക്ക് അതെവിടെ നിന്ന് ലഭിക്കുന്നു ? ഇത്തരമൊരു ഇസ്ലാമിനെ മൗലവി പരിചയപ്പെടുത്താൻ ശ്രമിച്ചു എങ്കിൽ ആ ചിന്തയെ മുളയിലേ നുള്ളിക്കളഞ്ഞത് വലിയൊരു ഭീകരതയല്ലേ - പറഞ്ഞ് മുഴുമിപ്പിക്കാൻ അദ്ദേഹത്തെ അനുവദിക്കാതിരുന്നത് ജനാധിപത്യമര്യാദകളുടെ ലംഘനമായിരുന്നില്ലേ ? അതെ .
ഈ ചോദ്യത്തിന്റെ ഉത്തരം പരിശോധിക്കാം ,
മുഹമ്മദ് നബിയെ ഒരു സാമൂഹ്യ പരിഷ്കർത്താവ് എന്ന നിലയിൽ പരിചയപ്പെടുത്തുന്നതിൽ
പൗരൊഹിത്യ ഇസ്ലാം വലിയ വീഴ്ച വരുത്തിയെന്നും , അദ്ദേഹത്തെ ദൈവത്തിന്റെ പ്രതി പുരുഷനായി അവതരിപ്പിക്കുകയും ,അദ്ദേഹം ജീവിച്ച കാലഘട്ടത്തിൽ നിലനിന്നുരുന്ന \ അദ്ദേഹം പങ്കാളിയായ പ്രവർത്തികളെ ലോകാവസാനം വരെ നിനിൽക്കേണ്ട ഒന്നായി കരുതുക എന്ന മണ്ടത്തരം വിശ്വാസികളിൽ അടിച്ചേൽപ്പിക്കുകയും ചെയ്തു എന്ന് മൗലവി ഉന്നയിക്കുന്ന വിമർശനത്തെ നാസ്ഥികനായ ഈ ലേഖകൻ പിന്താങ്ങുന്നു -
ഗോത്രങ്ങളായി തിരിഞ്ഞ് യുദ്ധങ്ങൾ നടത്തുകയും ശത്രുക്കളെ നിഗ്രഹിക്കുകയും ചെയ്യുന്ന ഒരു സാമൂഹ്യ അന്തരീക്ഷം ലോകമാകെ ഒരു കാലത്ത് നിലനിന്നിരുന്നു എന്നത് നിസ്തർക്കമാണ് - അത് തന്നെ അറേബ്യയിലും സംഭവിച്ചു , അക്കാലത്തെ ശിക്ഷാ രീതികളും പല വിശ്വാസങ്ങളും ഇന്നത്തെ കാലഘട്ടവുമായി തട്ടിച്ചു നോക്കുമ്പോൾ തീർച്ചയായും പലതും ഇന്നത്തെ മാനവീക സങ്കൽപ്പങ്ങൾക്ക്
അംഗീകരിക്കാൻ കഴിയാത്തതാണ് - അത്തരം ഗോത്രകാല നിയമങ്ങളും അന്നത്തെ നീതി സങ്കൽപ്പങ്ങളും ഈ മാറിയ കാലഘട്ടത്തിലും അങ്ങനെ തന്നെ നിലനിർത്തണം എന്ന് പറയുന്നിടത്താണ് നമ്മൾ മതവുമായി വിയോജിക്കുന്നത് - അത്തരം ചിന്തയിലാണ് അപകടം കുടികൊള്ളുന്നതെന്ന് നമുക്കേവർക്കും അറിയാവുന്നതുമാണ് .
മുഹമ്മദ് നബിയെ കുറിച്ച് ഇടയ്ക്കെപ്പോഴെങ്കിലുമൊക്കെ കേൾക്കാറുള്ള ഒരു മാതൃകാപരമായ കാര്യമാണ് "അന്ധകാരത്തിലായിരുന്ന അറേബ്യയെ നവോഥാനത്തിന്റെ പാതയിലേക്ക് നയിച്ച വ്യക്തിയാണ് മുഹമ്മദ് നബി" എന്ന വാചകം . പക്ഷെ എല്ലായിപ്പോഴും പൗരൊഹിത്യ ഇസ്ലാമിന്റെ ഗ്വാ ഗ്വാ വിളികളിൽ ഈ വാചകം മുങ്ങിപ്പോകാറുണ്ട് എന്നതുകൊണ്ട് ഖുറാൻ വിമർശകരും നാസ്ഥികരും ഈ വാചകം കൂടുതൽ ശ്രദ്ധിക്കാറില്ല -എന്ന് കരുതി അത്തരമൊരു മുഖം മുഹമ്മദ് നബിക്കുണ്ടെങ്കിൽ \ അതായിരുന്നു മുഹമ്മദ് നബി എങ്കിൽ തീർച്ചയായും നാമത് അന്വേഷിക്കെണ്ടതല്ലേ .
മൗലവി വായിക്കുന്ന ഖുറാനും പ്രതി സ്ഥാനത്ത് നിൽക്കുന്ന മുഘ്യധാരാ പൗരോഹിത്യ ഇസ്ലാമിന്റെ ഖുറാനും ഒന്ന് തന്നെ - അപ്പൊ മൗലവിക്ക് മാത്രം എവിടെനിന്ന് കിട്ടുന്നു ഇത്തരമൊരു താത്വീക ചിന്ത എന്ന മുഖ്യമായ നമ്മുടെ ചോദ്യത്തിലേക്ക് വരാം - മൗലവി പറയുന്നത് ഒന്നാം അദ്ധ്യായം മുതൽ അവസാന അദ്ധ്യായം വരെയുള്ള സകല അദ്ധ്യായങ്ങളും തെറ്റായ രീതിയിലാണ് പഠിപ്പിക്കപ്പെട്ട് പോരുന്നത് എന്നാണ് - ഇതെങ്ങനെ സാദ്ധ്യമാകും എന്ന് സാമാന്യ ബുദ്ധിയുള്ള ആരും ചിന്തിക്കുന്ന കാര്യമാണ് .ഇപ്പറഞ്ഞതിനെ ശരിവയ്ക്കുന്ന ഒന്നാണ് അവർ പിന്തുടരുന്ന ഹദീസ് രീതി - അതായത് ഒരു ബുക്ക് മനസ്സിലാക്കണമെങ്കിൽ മറ്റൊരു ബുക്ക് വേണമെന്നും ഇനിയും കൂടുതൽ മനസ്സിലാക്കണമെങ്കിൽ മറ്റ് ബുക്കുകൾ കൂടി വേണമെന്നുമുള്ള രീതി സാമാന്യ ബുദ്ധിക്ക് നിരക്കാത്തതും മൗലവി മേൽപറഞ്ഞകാര്യം ശരിവയ്ക്കുന്നതുമായ ഒന്നാണ് എന്ന് കരുതാൻ കഴിയുന്നതാണ് .
എന്തായിരിക്കാം സംഭവിക്കുന്നത്
മൗലവി വായിക്കുമ്പോഴും മറ്റുള്ളവർ വായിക്കുമ്പോഴും ലഭിക്കുന്നത് ഒരേ അർഥം തന്നെയാണ് -അബൂലഹബിന്റെ കൈകൾ നശിക്കട്ടെ\ നശിച്ചിരിക്കുന്നു എന്ന ഖുറാൻ വചനത്തിന്റെ അക്ഷരാർഥം അത് തന്നെയാണ് എങ്കിലും - അതിനെ അബൂലഹബിന്റെ കൈകൾ തല്ലി ഒടിച്ച് നശിപ്പിക്കുക എന്ന അർഥം ലഭിക്കണമെങ്കിൽ അതിന് ഹദീസുകളുടെ ആവശ്യം വേണ്ടി വരും - മറിച്ച് ആ വാചകത്തിന്റെ അർഥം അബൂലഹബിന്റെ സമൂഹത്തിലുള്ള സ്വാധീനം ഇല്ലാതാകട്ടെ \ നശിക്കട്ടെ എന്നാണ് എന്ന് മൗലവി പറയുമ്പോൾ അത് യുക്തി ഭദ്രമാണ് - ദൈവം ഒരാളുടെ കൈകൾ തല്ലിയൊടിക്കാൻ ശാപവചനങ്ങൾ ഉരുവിടുകയോ എന്ന ചോദ്യങ്ങൾ അവിടെ ഒഴിവാകുന്നു . ആള് കേരളത്തിലാണെങ്കിലും ഡെൽഹീല് നല്ല പിടിയാണ് എന്ന് നമ്മൾ ഇന്ന് പറഞ്ഞാൽ അതിന്റെ അർഥം നമുക്കേവർക്കും വ്യക്തമാണ് - പക്ഷെ ഡൽഹിവരെ നീളുന്ന കയ്യുള്ള ഒരു അമാനുഷീകനെ യാണ്നാം ആ വചനം കൊണ്ട് സൃഷ്ടിക്കാൻ ശ്രമിക്കുന്നത് എങ്കിൽ തീർച്ചയായും ആ വാചകങ്ങൾക്ക് ഹദീസുകൾ എന്ന വ്യാഖ്യാന പുസ്തകങ്ങൾ ഉണ്ടാക്കേണ്ടി വരും .മൗലവി പറയുന്ന തരത്തിലുള്ള ഒരട്ടിമറി നടക്കാൻ സാധ്യതയുള്ള ഒന്നാണ് എന്ന് മനസ്സിലാക്കാൻ കുറച്ചൊക്കെ ഇതിൽനിന്നും നമുക്ക് കഴിയുന്നു - വാക്കുകളെ കേവലമായ അക്ഷരാർഥങ്ങൾ കൊണ്ട് വിശദീകരിക്കുമ്പോൾ അവിടെ ഇല്ലാതാകുന്നത് ഖുറാൻ കാവ്യാത്മകമാണ് എന്ന് അവർ പോലും ഇടയ്ക്ക് പറയാറുള്ള ഖുറാനിന്റെ മേന്മയാണ് എന്നവർക്ക് തിരിച്ചറിയാൻ കഴിയുന്നില്ല .
മൌലവിയുടെ ഇത്തരം വിശദീകരണങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടതും പഠിക്കേണ്ടതും വിമർശനങ്ങൾ യഥാർത്ഥ അർഥങ്ങളെ ആയിരിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു - പക്ഷെ കളം നിറഞ്ഞാടുന്നത് വ്യാജന്മാർ ആകയാൽ വിമർശനങ്ങളും വ്യാജന്മാരെ മാത്രമായിപ്പോകുന്നു എന്നതാണ് ഇന്നത്തെ സ്ഥിതി. .
അപ്പൊ കാവ്യാത്മകമായ താത്വീകമായ മൗലവി പറയുന്ന ഈ ഖുറാൻ ആരെഴുതി ? ഇവിടെ ഞാൻ മൌലവിയെ മാറ്റി നിർത്തുകയും ഇന്ന് ജീവിക്കുന്ന ഒരു സ്വതന്ത്രനായ വ്യക്തി എന്ന നിലയിലുള്ള എന്റെ മാത്രം ചില കാഴ്ച പ്പാടുകളുമാണ് ഇതിനുത്തരമായി നൽകാൻ ഉദ്യേശിക്കുന്നത് -
യേശു ക്രിസ്തു ബൈബിൾ കണ്ടിട്ട് പോലുമില്ല എന്ന് പറയുന്നപോലെ മുഹമ്മദ് നബിയും- ഇന്നത്തെ ഖുറാൻ മുഹമ്മദ് കണ്ടിട്ടില്ല - അദ്ദേഹത്തിന്റെ മരണശേഷം അദ്ധേഹത്തിന്റെ പേരിൽ എഴുതി ഉണ്ടാക്കപ്പെട്ട ഒന്നാണ് ഖുറാൻ എന്നതിൽ ആർക്കും തർക്കമില്ല , അപ്പൊ വളരെ ലളിതമായി തന്നെ ഈ ചോദ്യത്തിന് ഉത്തരം ലഭിച്ച് കഴിഞ്ഞു -ഇന്നത്തെ ഖുറാൻ എഴുതി ഉണ്ടാക്കിയത് അബൂബക്കർ ഉമർ ഉസ്മാൻ തുടങ്ങിയവരുടെ ഭരണ കാലത്താണ് അത് ചെയ്തത് അവരാണ് എന്ന് . അവർക്കത് ലഭിച്ചതാകട്ടെ മുഹമ്മദ് നബിയുടെ ജീവിതകാലത്ത് അദ്ദേഹം പറഞ്ഞ കാര്യങ്ങൾ മന:പാഠമാക്കിയ വ്യക്തികളിൽ നിന്ന് ശേഘരിച്ച് ക്രോഡീകരിച്ചതും .
സാമൂഹ്യ പരിഷ്കർത്താക്കളായിരുന്ന മഹാത്മാ ഗാന്ധിയുടെ പേരിൽ മതമുണ്ടോ ,രാജാറാം മോഹൻ റായിയുടെ പേരിൽ മതമുണ്ടോ ? ഇതൊന്നും ഇല്ലാത്തത് പോലെ മുഹമ്മദ് നബിയുടെ പേരിലും ഒരു മതം ഉണ്ടാകണമെന്ന് അദ്ദേഹം പോലും കരുതിയിരുന്നില്ല എന്നതാണ് പിന്നീട് വന്നവർ എഴുതിയതാണ് ഈ ഖുറാൻ എന്നതിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് എന്നും കൂടി നമുക്ക് അനുമാനിക്കാം - ഒരു പക്ഷെ അവർ എന്തെങ്കിലും നന്മ ഉദ്യേശിച്ച് ചെയ്തതായിരിക്കാം അത് - ഖുറാൻ എഴുതിയതിനും നൂറിൽപരം വർഷങ്ങൾക്ക് ശേഷമാണ് ഹദീസുകൾ എഴുതപ്പെടുന്നത് എന്നത് ആ ഖുറാനെ മറ്റൊരു രീതിയിൽ അവതരിപ്പിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെട്ട ആരുടെയെങ്കിലും കരവിരുതായിരിക്കാം ഖുറാന്റെ ഇന്നത്തെ രൂപത്തിലുള്ള വ്യാഖ്യാനങ്ങൾക്ക് കാരണം എന്ന് മൗലവി പറയുന്നതിൽ സത്യത്തിന്റെ അംശം തീർച്ചയായും ഉണ്ടെന്ന് കാണാൻ കഴിയും .
പുരാതന മലയാളത്തിലെഴുതിയ കാവ്യങ്ങളും മറ്റ് എഴുത്തുകൾ പോലും നമുക്ക് മനസ്സിലാക്കാൻ ഇന്ന് കഴിയില്ല - അവയെല്ലാം ഭാഷയുടെ പരിണാമ ദശയിൽ നമ്മളിൽ നിന്നും അകന്നു പോയി - അതുപോലൊരു ഭാഷാ പരിണാമ വിസ്മൃതി ഖുറാൻ ഭാഷയ്ക്ക് എന്തുകൊണ്ട് സംഭവിച്ചു കൂടാ - അത്തരമൊരു വിസ്മൃതിതിയിലാകലാണ് സ്വാഭാവീകവും എന്നിരിക്കെ - അത് സംഭവിക്കാതിരിക്കാൻ വേണ്ടിയുള്ള കസർത്തുകളല്ലേ ഈ ഹദീസുകളിലൂടെയും ഫത്വ കളിലൂടെയും നടക്കുന്നത് എന്ന് ചിന്തിച്ചാൽ , ഭാഷാ പരിണാമത്തിൽ അപ്രസക്തമാകേണ്ടിയിരുന്ന ഒന്നിനെ വികലമായ രീതിയിൽ നിലനിർത്താൻ ശ്രമിക്കുന്നു എന്ന വാദം ശരിയായിരിക്കാനേ സാാധ്യതയുള്ളൂ എന്ന് കാണാൻ കഴിയും .
മതങ്ങളുടെ മൂല ഗ്രന്ഥങ്ങൾ ഒന്നും തന്നെ മനസ്സിലാക്കാൻ ഇന്ന് ജീവിച്ചിരിക്കുന്ന ആർക്കും കഴിയില്ല -എല്ലാവരും ആശ്രയിക്കുന്നത് പരിഭാഷകളെയാണ് അല്ലെങ്കിൽ വിശദീകരണങ്ങളെയാണ് ഖുറാന്റെ ആ പുരാതന ഭാഷ പഠിച്ച മൗലവി അതിന്റെ യഥാർത്ഥ അർഥം മനസ്സിലാക്കി തരുമ്പോൾ മേൽ പറഞ്ഞ ഭാഷാ പരിണാമ പ്രതിസന്ധി എൽക്കാത്ത തരത്തിൽ രൂപകൽപ്പന ചെയ്ത സപ്പോർട്ടിംഗ് ബുക്കുകളുടെ പ്രസക്തി അപ്രത്യക്ഷമാകുകയും അമൂർത്തമായ ഒരു ചൈതന്യം ഉയർന്ന് വരികയും ചെയ്യുന്നു .അതാണ് മൗലവിയുടെ കൊലയിലൂടെ ഇല്ലാതാക്കപ്പെട്ടത് .
ഇനി മറ്റൊരു ചോദ്യത്തിലേക്ക്
ഖുറാൻ എഴുതി സൂക്ഷിക്കുകയോ ആചരിക്കുകയോ മതമാക്കുകയോ ചെയ്യേണ്ട ഒന്നായിരുന്നില്ല എന്നാണ് മൗലവി പറയുന്നതിന്റെ മറ്റൊരു അർഥമെങ്കിൽ എന്തിന് മൗലവി ഖുറാൻ അംഗീകരിക്കുന്നു ? വിശദീകരിക്കുന്നു ? മുസ്ലീമാണെന്ന് അവകാശപ്പെടുന്നു ?
ഉത്തരം ലളിതമാണ് -
എന്തായാലും ഇത് എഴുതപ്പെട്ടു -അതുകൊണ്ടാണല്ലോ ഈ ചോദ്യം ഉണ്ടാകുന്നത് തന്നെ , അത് പഠിക്കാൻ അദ്ദേഹത്തിന്റെ ഭൌതീക സാഹചര്യങ്ങൾ വഴിയൊരുക്കി - അപ്പോൾ അദേഹത്തിൽ ഉണ്ടായ സംശയങ്ങൾക്ക് ഉത്തരം അന്വേഷിക്കുകയും - നിലവിലുള്ള സംശയ നിവാരണികൾ പര്യാപ്തമല്ല എന്ന് മനസ്സിലാകുകയും ചെയ്തതിൽ നിന്ന് - അദ്ദേഹം കൂടുതൽ ആഴത്തിൽ നടത്തിയ ഗവേഷണങ്ങളുടെ ഭലമാണ് അദ്ദേഹത്തിന്റെ വിശദീകരണങ്ങൾ എന്ന് കരുതിയാൽ അത് തികച്ചും സ്വാഭാവീകമല്ലെ .
ഇന്ന് കാണുന്ന രീതിയിലുള്ള മുസ്ലീം എന്ന ഒരവസ്ഥയില്ല എന്നും ഇസ്ലാം എന്ന മതം ആ അർഥത്തിൽ നിലനിൽക്കാൻ ഖുറാനീകമായി സാധ്യതകൾ ഇല്ല എന്നും, നന്മചെയ്യുന്ന ഏതൊരു മനുഷ്യനും തിരിച്ച് ഇവിടെത്തന്നെ നന്മയുണ്ടാകുമെന്നും ലളിതമായി അദ്ദേഹം പറയുമ്പോൾ അത് സാമാന്യ ബുദ്ധിക്ക് നിരക്കുന്ന ഒന്നായത് കൊണ്ട് അതിന് നാസ്ഥികരുടെ ഇടയിൽ പോലും അംഗീകാരം
ലഭിക്കുന്നു .മറ്റുള്ളവർക്ക് ഉപദ്രവം ചെയ്യാതെ കഴിയുന്നതും എന്തെങ്കിലും ഉപകാരങ്ങൾ ചെയ്ത് അതാത് ദിവസങ്ങൾ ജീവിക്കുക എന്നതല്ലാത്ത മറ്റൊന്നും ഇല്ല എന്ന നാസ്ഥീക ചിന്തയിലേക്ക് വരേണ്ടിയിരുന്ന മൌലവിയെ കൊന്നതിലൂടെ- അതിന്റെ സാദ്ധ്യതകൾ നഷ്ട്ടപ്പെടുകയും പാതി വഴിയിൽ ഞാനൊരു മുസ്ലീം ആണ് എന്ന് മൗലവി പറഞ്ഞത് അവിടെത്തന്നെ നിൽക്കുകയും ചെയ്യുന്നു - അതു കൊണ്ടാണ് നാം ചേകന്നൂർ മൌലവിയെ ഇന്നുംമുസ്ലീം വിഭാഗത്തിൽ പെടുത്തുന്നത് - അല്ലെങ്കിൽ അദ്ദേഹം നാസ്ഥീകതയിലേക്ക് എത്തിച്ചേരേണ്ടിയിരുന്ന ഒരു വ്യക്തിയായിരുന്നു എന്ന് കൂടി ഞാൻ നിരീക്ഷിക്കുന്നു .
നാമിന്ന് കാണുന്ന മത ഭീകരതകളും വ്യക്തി ജീവിതത്തിൽ കടന്ന് കയറുന്ന ആരാധനാമുറകളും ഇല്ലാത്ത - നിരീശ്വരവാദത്തെ പോലും ഉൾക്കൊള്ളാനുള്ള ആഴത്തിൽ തത്വ ചിന്തയാൽ സമ്പുഷ്ടമായ ഒരിസ്ലാം ചേകന്നൂർ മൗലവി വിഭാവനം ചെയ്തു എങ്കിൽ - ആ ഒരു ചിന്ത നിലനിൽക്കേണ്ടത് ഇന്നത്തെ സമൂഹത്തിൽ ഒരാവശ്യമല്ലേ, അത്തരമൊരു മഹത്തായ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ ഒരു മുതൽക്കൂട്ടാകട്ടെ ഖുറാൻ സുന്നത്ത് സൊസൈറ്റിയുടെ "നോമ്പിന്റെ യാഥാർത്ഥ്യം" എന്ന ഈ പുസ്തകം എന്നാശംസിക്കുന്നു .
